ആലപ്പുഴ: കോവിഡ് 19 രോഗത്തിന്റെ സമൂഹവ്യാപന സാധ്യത നിലനിൽക്കുന്നതിനാൽ എല്ലാത്തരത്തിലുള്ള ആഘോഷങ്ങൾക്കും കോവിഡ് 19 മാനദണ്ഡങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളതിനാൽ ഡിസംബർ 31 തീയതി നടക്കുന്ന പുതുവത്സര ആഘോഷങ്ങൾക്ക് ഈ നിബന്ധനകൾ ബാധകമായിരിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങൾ സംഘടിപ്പിക്കേണ്ടത്. പത്ത് വയസിനു താഴെയുള്ള കുട്ടികളെ ആഘോഷപരിപാടികളിൽ നിന്നും ഒഴിവാക്കണം. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പുതുവര്‍ഷ ആഘോഷങ്ങള്‍ക്ക് സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി പറഞ്ഞു.

അഡീഷണൽ എസ്.പി എൻ. രാജന്‍റെ നേതൃത്വത്തിൽ നാല് DYSP മാർ ഉൾപ്പെടെ 900 പോലീസ് ഉദ്യോഗസ്ഥരെയാണ് പുതുവത്സര ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുള്ളത്. നിരത്തുകളിലും പ്രധാന സ്ഥലങ്ങളിലും ആഘോഷങ്ങള്‍ അനുവദിക്കില്ല. പ്രധാനപ്പെട്ട 148 കേന്ദ്രങ്ങളിൽ പൊലീസിനെ വിന്യസിക്കും. മദ്യപാനം ലഹരിവസ്തുക്കളുടെ ഉപയോഗം മുതലായവ ഈ അവസരങ്ങളിൽ കൂടുവാനുള്ള സാധ്യത കണക്കാക്കി ഓരോ പോലീസ് സ്റ്റേഷനിലും അനുബന്ധ പെട്രോളിങ് ശക്തമാക്കാനുള്ള നടപടികൾ സ്വീകരിക്കും. പുതുവത്സര അതോടനുബന്ധിച്ച് വാഹനാപകടങ്ങൾ കുറയ്ക്കുന്നതിന് പരിശോധന കർശനമാക്കും. ഡിസംബർ 31ന് വൈകിട്ട് ആറുമുതൽ ജനുവരി 1 പുലർച്ചെ 6 മണി വരെയാണ് പരിശോധന. പ്രത്യേക സ്ക്വാഡുകളെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നിയമലംഘനം കണ്ടാൽ ഡ്രൈവിംഗ് ലൈസൻസ് സസ്പെൻഷൻ ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കും.

ബീച്ചുകൾ കായൽ ടൂറിസം മേഖലകൾ തുടങ്ങി ആളുകൾ ഒത്തുചേരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ പോലീസിനെ വിന്യസിക്കും. എല്ലാ സ്റ്റേഷൻ പരിധിയിലും ക്രമസമാധാന പ്രശ്നങ്ങൾ തടയുന്നതിന് ബൈക്ക് പട്രോളിംഗും, ജീപ്പ് പട്രോളിംഗും നടത്തും. കോവിഡ് -19 മാനദണ്ഡങ്ങൾ കർശനമായി പാലിക്കുകയും, നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടാണ് ആഘോഷങ്ങൾ നടക്കുന്നതെന്ന് ഉറപ്പാക്കും. ബീച്ചുകളിൽ പ്രവേശനം രാത്രി 9 മണിവരെയും, ബാറുകളുടെ പ്രവർത്തനം രാത്രി 9 മണിവരെയും മാത്രമേ അനുവദിക്കൂ. മലിനീകരണ തോത് കുറവായ ഹരിത പടക്കങ്ങൾ (ഗ്രീൻ ക്രാക്കേഴ്സ്) മാത്രമേ വിൽക്കാനും ഉപയോഗിക്കാനും പാടുകയുള്ളൂവെന്നും ആഭ്യന്തര വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെയും നിർദേശങ്ങൾ കണക്കിലെടുത്ത് ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കാൻ 31-12-2020- ന് രാത്രി 11-55 മുതൽ 12-30 വരെ മാത്രമായിരിക്കും അനുമതി നല്‍കുക. ആഘോഷങ്ങളുടെ സ്ഥലത്ത് സാമൂഹിക വിരുദ്ധരുടെ സാന്നിധ്യം ഇല്ലാതാക്കാൻ ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കും. മദ്യഉപയോഗം വർദ്ധിക്കുമെന്ന സാധ്യത മുന്നിൽകണ്ട് നിരോധിത മദ്യങ്ങളുടെയും മറ്റ് ലഹരിവസ്തുക്കളുടെയും വ്യാപനവും, വ്യാജകച്ചവടവും തടയുന്നതിന് ആവശ്യമായ പ്രത്യേക റെയ്ഡുകളും മറ്റും ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധിയിലും നടത്തിവരുന്നുണ്ടന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി പി.എസ് സാബു ഐ.പി.എസ് പറഞ്ഞു.

ജില്ലാ പോലീസ് മേധാവി
ആലപ്പുഴ