സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ സർക്കാരിന്റെ നൂറ് ദിന കർമ്മപരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നു. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് സ്വയം തൊഴിലിലൂടെ സാമ്പത്തിക ഉന്നമനം പ്രാപ്തമാക്കുന്നതിന് ജില്ലാ ആസ്ഥാനങ്ങളിൽ കോർപ്പറേഷൻ വിവിധ വായ്പ പദ്ധതി വിശദീകരണ യോഗവും ഗുണഭോക്തൃ സംശയ നിവാരണവും പരാതി പരിഹാര ക്യാമ്പുകളും സംഘടിപ്പിക്കും.

കുടുംബശ്രീ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പട്ടികജാതി പട്ടികവർഗ്ഗ വനിതാ അയൽക്കൂട്ടങ്ങൾക്ക് വ്യവസായ സംരംഭങ്ങൾ തുടുങ്ങുന്നതിന് കോർപ്പറേഷൻ നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയുടെ ഭാഗമായി കുറഞ്ഞ പലിശ നിരക്കിൽ ജാമ്യരഹിത വായ്പ നൽകും.
സ്റ്റാർട്ട് അപ്പ് സംരംഭകർക്ക് കുറഞ്ഞ പലിശ നിരക്കിൽ 50 ലക്ഷം രൂപ വരെ വായ്പ നൽകുന്ന സ്റ്റാർട്ട് അപ് വായ്പ പദ്ധതി, വിവിധ ഉദ്ദേശ തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് 50 ലക്ഷം രൂപ വരെ നൽകുന്ന മൾട്ടി പർപ്പസ് വായ്പ പദ്ധതി, ലഘു വ്യവസായ സംരംഭങ്ങൾക്ക് നാല് ലക്ഷം രൂപ വരെ നൽകുന്ന ലഘു വ്യവസായ വായ്പ പദ്ധതി, ഭവന നിർമ്മാണ വായ്പാ പദ്ധതി, ഭവന പുനരുദ്ധാരണ വായ്പാ പദ്ധതി, വാഹന വായ്പാ പദ്ധതി, പെട്രോൾ ഡീലർമാർക്കു 10 ലക്ഷം വരെ നൽകുന്ന പ്രവർത്തന മൂലധന വായ്പ, സൂക്ഷ്മ സംരംഭങ്ങൽ നടത്തുന്ന വനിതകൾക്കുള്ള മഹിളാ സമൃദ്ധി യോജന, മൈക്രോ ക്രെഡിറ്റ് വായ്പാ പദ്ധതി, വിദേശ തൊഴിൽ വായ്പ, വിദേശത്തു നിന്ന് മടങ്ങിയ പ്രവാസികൾക്ക് 20 ലക്ഷം രൂപ വരെ നൽകുന്ന പ്രവാസി പുനരധിവാസ വായ്പ, സർക്കാർ ലൈസൻസികളായ കോൺട്രാക്ടർമാർക്കുള്ള പ്രവർത്തന മൂലധന വായ്പ, സർക്കാർ ജീവനക്കാർക്കുള്ള വാഹന വായ്പ, വ്യക്തിഗത വായ്പ, സംസ്ഥാന വ്യവസായ വകുപ്പിന്റെ 30,000 രൂപയുടെ സബ്‌സിഡിയോടു കൂടി നൽകുന്ന ഇ-ഓട്ടോ വായ്പകളാണ് കോർപ്പറേഷൻ നൽകുന്നത്.

പദ്ധതികളെപ്പറ്റി വിശദീകരിക്കാനും ഗുണഭോക്തൃസംശയ നിവാരണത്തിനുമായി ജനുവരി അഞ്ചിന് കാസർഗോഡ് ആറിന് കണ്ണൂർ ഏഴിന് വയനാട് തുടർന്ന് കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ എന്നീ ക്രമത്തിൽ നടക്കുന്ന യോഗങ്ങളിലും ക്യാമ്പുകളിലും മാനേജിംഗ് ഡയറക്ടർ, ഡോ.എം.എ.നാസർ പങ്കെടുക്കും.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം തുടങ്ങിയ ജില്ലകളിൽ കോർപ്പറേഷൻ ചെയർമാൻ ബി.രാഘവനും യോഗങ്ങളിൽ പങ്കെടുക്കും.