തൃശ്ശൂർ: എസ്എസ്എല്‍സി, പ്ലസ് ടു ക്ലാസുകളിലെ അധ്യയനം ആരംഭിക്കുന്നതിനെ തുടര്‍ന്ന് ജില്ലയിലെ സ്‌കൂളുകള്‍ അണുവിമുക്തമാക്കി അഗ്‌നിശമനാസേനയും സിവില്‍ ഡിഫന്‍സും. കോവിഡ്- 19 മുന്‍കരുതലിന്റെ ഭാഗമായി ക്ലാസ് മുറികള്‍ അണുവിമുക്തമാക്കി വിദ്യാര്‍ത്ഥികളില്‍ രോഗ വ്യാപനം തടയുന്നതിനാണ് അഗ്‌നിശമനാസേനയും സിവില്‍ ഡിഫന്‍സും സംയുക്തമായി രംഗത്തെത്തിയിരിക്കുന്നത്. ക്ലാസ് മുറികള്‍, വരാന്തകള്‍,സ്‌കൂള്‍ പരിസരം, ലൈബ്രറി, ലാബ് തുടങ്ങിയവ ശുചീകരിക്കുന്ന പ്രവര്‍ത്തിയാണ് ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ പുരോഗമിക്കുന്നത്.
ജില്ലയില്‍ തൃശൂര്‍ ഉള്‍പ്പെടെ 10 ഫയര്‍സ്റ്റേഷനുകളുടെ നേതൃത്വത്തില്‍ ഇതിനോടകം 65 ഓളം സ്‌കൂളുകളില്‍ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. 100 ലിറ്റര്‍ വെള്ളത്തിന് ഒരു ലിറ്റര്‍ സോഡിയം ഹൈപ്പോ ക്ലോറൈറ്റ് എന്ന അനുപാതത്തിലാണ് അണുനശീകരണ ലായനി ഉപയോഗിക്കുന്നത്. ഓരോ ഫയര്‍ സ്റ്റേഷനുകളിലും സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസേഴ്‌സിന്റെ നേതൃത്വത്തില്‍ ഫയര്‍മാന്‍ ഉദ്യോഗസ്ഥരും സിവില്‍ ഡിഫന്‍സ് വളന്റിയേഴ്‌സും ചേര്‍ന്നാണ് അണുനശീകര പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. കൂടാതെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് സ്വയം സന്നദ്ദത അറിയിച്ചിട്ടുള്ള സ്‌കൂളുകള്‍ക്ക് ആവശ്യമാണെങ്കില്‍ അതാത് ഫയര്‍സ്റ്റേഷനുകളില്‍ നിന്ന് സോഡിയം ഹൈപ്പോ ക്ലോറൈറ്റ് ലഭ്യമാക്കുന്നുമുണ്ട്. തുടര്‍ന്നും സ്‌കൂളുകള്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കും.