കണ്ണൂർ: ഗാന്ധി ജയന്തി, ഭരണഭാഷാ വാരാഘോഷങ്ങളുടെ ഭാഗമായി ജില്ലാ  ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിച്ച കവിതാ രചന, കവിതാലാപനം, വീഡിയോ ഫീച്ചര്‍ നിര്‍മാണ  മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനദാനം ജില്ലാ കലക്ടര്‍ ടിവി സുഭാഷ് നിര്‍വഹിച്ചു. കൊവിഡ് പ്രതിസന്ധികള്‍ക്കിടയിലും നമ്മെ പിടിച്ചു നിര്‍ത്തുന്ന മൂല്യശക്തിയായി സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ മാറണമെന്ന് കലക്ടര്‍ പറഞ്ഞു. കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ ശീലിച്ചു തുടങ്ങി. ഓണ്‍ലൈന്‍ ക്ലാസുകളുടെ സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും കുട്ടികള്‍ സര്‍ഗ്ഗാത്മകമായി ഇടപെടുന്നുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാന്‍ സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാരംഗം കലാ സാഹിത്യവേദിയുമായി സഹകരിച്ച് യുപി, ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിദ്യാര്‍ഥികള്‍ക്കായാണ് വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചത്. കവിതാ രചനാ മത്സരത്തില്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജീവന്‍ ജിനേഷ് (ജി എച്ച് എസ് എസ് കുഞ്ഞിമംഗലം), കെ നന്ദന (ജി വി എച്ച് എസ് എസ് കുറുമാത്തൂര്‍) നേഹ റെനിന്‍ (ജി ജി എസ് എസ് തിരുവങ്ങാട്) എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വി കെ അപര്‍ണ (ജി ജി എച്ച് എസ് എസ് പയ്യന്നൂര്‍), എന്‍ നിവേദിത ( ജി എച്ച് എസ് എസ് തിരുവങ്ങാട്), എ കെ സല്‍മ (കടമ്പൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍) എന്നിവരും യു പി വിഭാഗത്തില്‍ കെ വി മെസ്‌ന  (ടാഗോര്‍ വിദ്യാനികേതന്‍ തളിപ്പറമ്പ്), വൈഷ്ണവി രമേഷ് (കൂനം എ എല്‍ പി എസ്) പി ശ്രാവണ്‍ (ജി എച്ച് എസ് പാച്ചേനി) എന്നിവരും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്കര്‍ഹരായി.

കവിതാലാപന മത്സരത്തില്‍ 15 ഉപജില്ലകളില്‍ നിന്ന് ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയവരാണ് ജില്ലാതല മത്സരത്തില്‍ പങ്കെടുത്തത്. യുപി വിഭാഗത്തില്‍ നന്ദകിഷോര്‍ (എസ് വി യു പി കരിപ്പാല്‍), ശ്രീപാര്‍വതി (ജി യു പി സ്‌കൂള്‍ നെടിയേങ്ങ), നിയ കോട്ടായി (ജി ഡി എസ് യു പി പാനൂര്‍) എന്നിവരും ഹൈസ്‌കൂള്‍ വിഭാഗത്തില്‍ തേജ അനില്‍ (സെന്റ് മേരീസ് ഗേള്‍സ്  എച്ച് എസ് എസ് പയ്യന്നൂര്‍), റിയ സുരേന്ദ്രന്‍ (പി ആര്‍ എം എച്ച് എസ് എസ് പാനൂര്‍), റിയ ജോഷിത്ത് (ബ്രണ്ണന്‍ എച്ച് എസ് എസ് തലശ്ശേരി) എന്നിവരും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

വീഡിയോ ഫീച്ചര്‍ നിര്‍മാണ മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ പി വി ദിയ ബാബു (എവിഎസ്ജിഎച്ച്എസ്എസ് കരിവെള്ളൂര്‍), പി അനന്യ (എന്‍ ഡി പി എസ് കടാങ്കോട്) എന്നിവരടങ്ങിയ ടീം ഒന്നാം സമ്മാനം നേടി. പാട്യം ജിഎച്ച്എസ്എസിലെ ഷിയാര സുനില്‍ രണ്ടാം സ്ഥാനവും പെരളശ്ശേരി എകെജിഎച്ച്എസ്എസിലെ നീലാംബരി അരുണ്‍ജിത്ത് മൂന്നാം സ്ഥാനവും നേടി. ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ ജീവന്‍ ജിനേഷ് (ജിഎച്ച്എസ്എസ് കുഞ്ഞിമംഗലം) ഒന്നാം സ്ഥാനം നേടി.  ആര്‍ജിഎംഎച്ച്എസ്എസ് മൊകേരിയിലെ ഹൃദ്യുത് ഹേംരാഗ്, പിഎം അചിന്ത്, സി അര്‍ച്ചന, അനുഷ്‌ക, ദേവപ്രിയ എന്നിവരടങ്ങിയ ടീമിനാണ് രണ്ടാം സ്ഥാനം. പിണറായി എകെജിഎംജിഎച്ച്എസ്എസിലെ വി കെ അഭിനന്ദ്, വി പൂജ എന്നിവരുടെ ടീം മൂന്നാം സ്ഥാനം നേടി.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ എ ഡി എം ഇ പി മേഴ്‌സി അധ്യക്ഷയായി. പി ആര്‍ ഡി  മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ ഇ വി സുഗതന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ കെ പത്മനാഭന്‍, വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ലാ കോ ഓഡിനേറ്റര്‍ എം കെ വസന്തന്‍മാസ്റ്റര്‍, അസി. എഡിറ്റര്‍ സി പി അബ്ദുള്‍ കരിം തുടങ്ങിയവര്‍ സംസാരിച്ചു.