പാലക്കാട്: കുറ്റകൃത്യങ്ങളിലെ ഇരകളുടെ ക്ഷേമത്തിനുവേണ്ടി പ്രവര്ത്തിക്കുന്ന സംഘടനയായ വിശ്വാസിന്റെ പ്രവര്ത്തനങ്ങള് എട്ടാം വര്ഷത്തിലേക്ക് കടക്കുന്നു. വാര്ഷികാഘോഷ പരിപാടി ജനുവരി നാലിന് വൈകിട്ട് നാലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള് ഉദ്ഘാടനം ചെയ്യും. കലക്ടറേറ്റ് കോണ്ഫറന്സ് ഹാളില് നടക്കുന്ന പരിപാടിയില് ജില്ലാ കളക്ടര് ഡി. ബാലമുരളി അധ്യക്ഷനാകും. മുന് ജില്ലാ ജഡ്ജി ടി. ഇന്ദിര മുഖ്യാതിഥിയാവും.
എട്ടാം വാര്ഷികത്തോടനുബന്ധിച്ച് നിര്ധനരായ വനിതകളുടെ നിയമപ്രശ്‌നങ്ങള് കൈകാര്യം ചെയ്യുവാനുള്ള വിശ്വാസ് നിയമ വേദിയുടെ ഉദ്ഘാടനവും പാലക്കാട്ടിലെ പ്രോസിക്യൂട്ടര്മാരുമായി സഹകരിച്ച് വേലായുധം നമ്പ്യാര് സ്മാരക ഇന്റര് ലോ കോളേജിയേറ്റ് ഡിബേറ്റ് മത്സരവും മികച്ച നിയമ വിദ്യാര്ത്ഥിക്കുള്ള ഡോക്ടര് എന്. ആര്. മാധവമനോന് പുരസ്‌കാര വിതരണവും നടത്തും. കൂടാതെ ഭരണഘടനാ ദിനം, അന്താരാഷ്ട്ര അഴിമതിവിരുദ്ധ ദിനം എന്നിവയോടനുബന്ധിച്ച് നടത്തിയ പദപ്രശ്‌ന മത്സരങ്ങളുടെ സമ്മാനദാനവും ഈ ദിവസം നിര്വഹിക്കും.
പാലക്കാട് സിവില് സ്റ്റേഷന് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന വിശ്വാസിന്റെ നേതൃത്വത്തില് ഇ-നീതി കേന്ദ്ര, നീതി കിരണം, ഉച്ചയ്ക്ക് ഒരു ഊണ്, കോളേജുകളില് വിശ്വാസ് വളണ്ടിയര് ഗ്രൂപ്പുകള്, പ്രളയത്തില് നാശനഷ്ടങ്ങള് സംഭവിച്ചവര്ക്ക് ആവാസ് ഭവനപദ്ധതി എന്നിവയും വിശ്വാസിന്റെ ആഭിമുഖ്യത്തില് നടത്തിവരുന്നു. കോവിഡ് കാലത്തെ ക്ഷേമ പ്രവര്ത്തനങ്ങളുടെ ഭാഗമായി കോവിഡ് കെയര് സെന്ററുകളിലേക്ക് സാമഗ്രികള്, നിര്ധനരായ നിരവധി കുടുംബങ്ങള്ക്ക് അവശ്യസാധനങ്ങള് അടങ്ങിയ സൗജന്യ കിറ്റുകള്, നിരവധി വിദ്യാര്ഥികള്ക്ക് പഠനാവശ്യത്തിനുള്ള ടെലിവിഷന്, മൊബൈല്ഫോണുകള്, ജില്ലാ പോലീസ് സേനയ്ക്ക് മാസ്‌കുകള്, ഫേസ് ഷീല്ഡുകള് എന്നിവ വിതരണം ചെയ്തിട്ടുണ്ട്.