കോട്ടയം:നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോട്ടയം ജില്ലയിലെ തയ്യാറെടുപ്പുകള്‍ പൂര്‍ണമായും തൃപ്തികരമാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ സെക്രട്ടറി മധുസൂധന്‍ ഗുപ്ത. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചാണ് ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ ആദ്യഘട്ട പരിശോധന നടത്തുന്നത്. നടപടികള്‍ കൂടുതല്‍ സുഗമമാക്കുന്നതിനായി അധിക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത് സ്വാഗതാര്‍ഹമാണ്-അദ്ദേഹം വിലയിരുത്തി.

വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധന നടക്കുന്ന തിരുവാതുക്കലിലെ ഇ.വി.എം വെയര്‍ ഹൗസ് അദ്ദേഹം സന്ദര്‍ശിച്ചു. സംസ്ഥാന അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സുരേന്ദ്രന്‍പിള്ളയും ഒപ്പമുണ്ടായിരുന്നു.

ജില്ലാ കളക്ടര്‍ എം. അഞ്ജന, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ ജിയോ ടി. മനോജ്, വോട്ടിംഗ് യന്ത്രങ്ങളുടെ പരിശോധനാ ചുമതല വഹിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ അലക്‌സ് ജോസഫ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.