കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് ഭവന പദ്ധതിയുടെ പൂര്‍ത്തീകരണത്തില്‍ ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഒന്നാമത്. 2017-18 സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ നൂറ് ശതമാനം വീടുകളും പൂര്‍ത്തിയാക്കിയാണ് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്  ഒന്നാംസ്ഥാനം എന്ന നേട്ടത്തിനര്‍ഹരായത്. സംസ്ഥാനത്തെ മുഴുവന്‍ ഭവനരഹിതര്‍ക്കും വീടു നല്‍കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ലൈഫ് പദ്ധതി പ്രകാരം ഏഴു വീടുകളാണ് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പൂര്‍ത്തികരിച്ചത്. ഇതിനു പുറമേ ഐ.എ.വൈ പദ്ധതിയില്‍ ഉള്‍പ്പെടുത്തി അഞ്ച് വീടുകളും പി.എം.എ.വൈയില്‍ ഉള്‍പ്പെടുത്തി മൂന്ന് വീടുകളില്‍ ഒരു വീടും സമയബന്ധിതമായി പൂര്‍ത്തീകരിക്കാനും ഇടപ്പള്ളി ബ്ലോക്കിന് കഴിഞ്ഞു. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഭൂമിയുള്ള ഭവനരഹിതര്‍ക്ക് വീടനുവദിക്കാനും ഭൂമിയും വീടുമില്ലാത്തവര്‍ക്ക് വീടെന്ന സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിനും പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആര്‍. ആന്റണി പറഞ്ഞു.
ഇതിന്റെ ഭാഗമായി ഭവനരഹിതരായ മുഴുവന്‍ ആളുകളില്‍ നിന്നും അപേക്ഷകള്‍ സ്വീകരിക്കാന്‍ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പുതിയ ഭവനങ്ങളുടെ നിര്‍മ്മാണത്തിനു പുറമെ അര്‍ഹതപ്പെട്ട മുഴുവനാളുകള്‍ക്കും വീടുകളുടെ അറ്റക്കുറ്റപണികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള മറ്റു പദ്ധതികളും ബ്ലോക്ക് തലത്തില്‍ നടപ്പിലാക്കുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. 20ഹ 8  2019 ലെ ലൈഫ് പദ്ധതി പ്രകാരം പുതിയ ഭവന നിര്‍മ്മാണ പദ്ധതിയില്‍ പഞ്ചായത്ത് തലത്തില്‍ 16 വീടുകള്‍ എഗ്രിമെന്റ് വയ്ക്കുകയും എട്ട് വീടുകള്‍ക്ക് ആദ്യ ഗഡു നല്‍കുകയും ചെയ്തു.
2001 മുതല്‍ 2015-2016 വരെയുള്ള പുര്‍ത്തികരിക്കാത്ത വീടുകളാണ് യുദ്ധകാലാടിസ്ഥാനത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പൂര്‍ത്തികരിച്ചത്. ഓരോ വീടിനും നാലു ലക്ഷം രൂപ വീതമാണ് നിര്‍മ്മാണ തുകയായി വകയിരുത്തിയിരുന്നത്. പന്ത്രണ്ടു വ്യത്യസ്ത മോഡലുകളിലായി ഉപഭോക്താക്കളുടെ താല്‍പര്യത്തിനനുസരിച്ചാണ് ലൈഫ് പദ്ധതി പ്രകാരം വീടുകളുടെ പണി പൂര്‍ത്തിയാക്കിയത്. രണ്ട് മുറി, അടുക്കള, ഹാള്‍, ശൗചാലയം എന്നിവ ഉള്‍പ്പെടെ 400 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തിലാണ് ഒരോ വീടുകളും നിര്‍മിച്ചിട്ടുള്ളത്.
പദ്ധതി പൂര്‍ത്തീകരണത്തില്‍ നൂറു ശതമാനം വിജയം കൈവരിച്ച സാഹചര്യത്തില്‍ 26ന് ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ കൈമാറ്റച്ചടങ്ങും ജീവകാരുണ്യ ഫണ്ട് വിതരണവും നടത്തുമെന്നും എം.ആര്‍. ആന്റണി പറഞ്ഞു.