ഇടുക്കി: ജില്ലയിലെ 52 പഞ്ചായത്തിലും എട്ട് ബ്ലോക്കിലും അതാത് ഡിവിഷന്‍ മെമ്പറും ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുമുള്‍പ്പെടെയുള്ളവര്‍ നേരിട്ട് സന്ദര്‍ശിച്ചു വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും ജില്ലയുടെ വികസനത്തിനുതകുന്ന അഭിപ്രായങ്ങള്‍ സ്വരൂപിച്ച് ഒരുമയോടെ പ്രവൃത്തിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് പറഞ്ഞു.

ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ പ്ലാനിംഗ് ഓഫീസിന്റെയും നേതൃത്വത്തില്‍ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് പ്ലാനിങ് സെക്രട്ടറിയേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച സ്വീകരണ പുതുവത്സരദിന കൂട്ടായ്മ വ്യത്യസ്തതയുളവാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് കേക്ക് മുറിച്ചു കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.

ഒരുപാട് സാധ്യതകളുള്ള ജില്ലയാണ് ഇടുക്കി. എല്ലാ സാധ്യതകളും വേണ്ടവിധത്തില്‍ ഉപയോഗപ്പെടുത്തി ഏവര്‍ക്കും മികച്ച ഭരണം കാഴ്ചവെയ്ക്കാന്‍ കഴിയട്ടെ എന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച ജില്ലാ കളക്ടര്‍ എച്ച് ദിനേശന്‍ ആശംസിച്ചു . കൃഷി, വ്യവസായം, ടൂറിസം തുടങ്ങിയ വിവിധ മേഖലകളില്‍ സാധിക്കുന്നത്ര എല്ലാത്തരം വികസനവും നടപ്പിലാക്കണം. അതിനായി ജില്ലാ ഭരണകൂടത്തിന്റെ എല്ലാവിധ സഹകരണങ്ങളുമുണ്ടാകുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

ജില്ലയുടെ വികസനത്തിനും പുരോഗതിയ്ക്കുമായുള്ള നിര്‍ദ്ദേശങ്ങളും ആശയങ്ങളും വിലയേറിയതാണ് ഓരോന്നും ചര്‍ച്ച ചെയ്ത് അതനുസരിച്ചു ഒറ്റക്കെട്ടായി മുന്നോട്ട് പോകാമെന്നും മുഖ്യ പ്രഭാഷണം നിര്‍വഹിച്ചു ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍ കുമാര്‍ പറഞ്ഞു. ജില്ലാ പോലീസ് മേധാവി ആര്‍ കറുപ്പസാമി പുതുവത്സര ദിനത്തിന്റെ ആശംസകള്‍ നേര്‍ന്നു. പരിപാടിയില്‍ റിസേര്‍ച്ച് ഓഫീസര്‍മാരായ തുളസിഭായ്, സുനില്‍ കുമാര്‍ ഫിലിപ്പ്, എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് റിസേര്‍ച്ച് അസിസ്റ്റന്റ് പത്മജ ആര്‍.പി എന്നിവര്‍ കവിതകള്‍ ആലപ്പിച്ചു.

ജനകീയാസൂത്രണം ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാഹുല്‍ ഹമീദ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ വി എന്‍ മോഹനന്‍, എംജെ ജേക്കബ്, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു വര്‍ഗീസ് സ്വാഗതവും എക്കണോമിക്സ് & സ്റ്റാറ്റിസ്റ്റിക്സ് ഡെ.ഡയറക്ടര്‍ സുനില്‍ അഗസ്റ്റിന്‍ നന്ദിയും പറഞ്ഞു. വകുപ്പ് ജില്ലാ തല മേധാവികളും പ്രധിനിധികളും യോഗത്തില്‍ പങ്കെടുത്തു.