തൃശ്ശൂർ:മാസ്‌കിട്ട്, സോപ്പിട്ട്, കൈ കഴുകി ഒരു ബഞ്ചകലത്തിൽ ഇരുന്ന് അവർ പഠനം ആരംഭിച്ചു. ചേർന്നിരിക്കാൻ സാധിച്ചില്ലെങ്കിലും ഒമ്പത് മാസത്തെ ഇടവേളയ്ക്ക് ശേഷം കണ്ടുമുട്ടിയതിന്റെ ആഹ്ലാദത്തിലാണ് ഓരോരുത്തരും. ഇങ്ങനെയൊരു അധ്യയന കാലം ഒരു വിദ്യാർത്ഥിയും പ്രതീക്ഷിച്ചിരുന്നില്ല. കോവിഡിനെ തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ 10, 12 ക്ലാസുകളിലെ വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പിനായാണ് തുറന്നത്.പ്രത്യേക കോവിഡ് മാനദണ്ഡ‍ങ്ങൾ പാലിച്ചാണ് കുട്ടികൾ ഇന്ന് ക്ലാസുകളിൽ എത്തിയത്. ഒരു ബെഞ്ചിൽ ഒരാൾ മാത്രം. മാസ്കിടണം. ഇടക്കിടെ കൈ കഴുകണം. കൂട്ടം കൂടരുത്. വെള്ളവും ഭക്ഷണവും കൈമാറരുത്. നിർദേശങ്ങൾ കൃത്യമായി പാലിക്കുമെന്നാണ് അധ്യാപകരുടെ പ്രതീക്ഷ. ഇടവേളകൾക്ക് പോലും പുറത്ത് വിടാതെ ഓരോ നിമിഷവും പരീക്ഷക്കുള്ള ഉത്തരങ്ങൾ പഠിച്ചു തീർക്കുന്നതിനൊപ്പം വൈറസിനെ സ്കൂൾ പരിസരത്ത് നിന്ന് മാറ്റി നിർത്താനും ശ്രദ്ധിക്കണം. രാവിലെയും ഉച്ചയ്ക്കുമായി ഷിഫ്റ്റുകളാക്കി തിരിച്ചാണ് ക്ലാസുകൾ. ക്ലാസുകളിൽ എത്താൻ സാധിക്കാത്ത കുട്ടികൾ പതിവ് പോലെ ഓൺലൈനായി ക്ലാസുകളിലിരുന്ന് പഠനം തുടർന്നു.

10, 12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് സംശയ നിവാരണത്തിനും ഡിജിറ്റൽ ക്ലാസുകളുടെ തുടർപ്രവർത്തനത്തിനും മാതൃകാ പരീക്ഷകൾക്കും ജനുവരി ഒന്നു മുതലുള്ള അധ്യയന കാലം ഉപയോഗിക്കും. മാസങ്ങളോളം അടച്ചിട്ടതിനാൽ വിദ്യാലയങ്ങളെല്ലാം ശുചീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിയാണ് വിദ്യാർത്ഥികളെ സ്വീകരിച്ചത്. സ്‌കൂളും പരിസരവും, ടോയ്ലറ്റ്, ക്ലാസ്സ് മുറികൾ, വാട്ടർ ടാപ്പ്, കിണർ എന്നിവ അണു നശീകരണം നടത്തി. ഫയർഫോഴ്സിൻ്റെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. അമ്പത് ശതമാനം വിദ്യാർത്ഥികൾക്ക് മാത്രമാണ് ക്ലാസുകളിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ആദ്യത്തെ ആഴ്ച ഒരു ബഞ്ചിൽ ഒരു കുട്ടി എന്ന നിലയിലായിരിക്കും ക്ലാസുകൾ ക്രമീകരിക്കുക. പത്ത്, പ്ലസ് ടു തലത്തിൽ 300 കുട്ടികൾ വരെയുള്ള സ്കൂളുകളിൽ 50 ശതമാനം കുട്ടികൾക്ക് പ്രവേശിക്കാം. അതിൽ കൂടുതൽ വിദ്യാർത്ഥികളുള്ള സ്കൂളുകളിൽ 25 ശതമാനമാണ് പ്രവേശന മാനദണ്ഡം. 3 മണിക്കൂർ നീളുന്ന ഷിഫ്റ്റ് അടിസ്ഥാനത്തിലും ക്ലാസുകൾ നടത്തും. കുട്ടികൾ തമ്മിൽ രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കണമെന്നത് നിർബന്ധമാണ്. കോവിഡ് രോഗബാധിതർ, രോഗലക്ഷണങ്ങൾ ഉള്ളവർ, ക്വാൻ്റീനിൽ ഉള്ളവർ എന്നിവർ ആരോഗ്യ വകുപ്പ് നിശ്ചയിച്ചിട്ടുള്ള ദിവസങ്ങൾക്കു ശേഷം മാത്രമേ ഹാജരാകാൻ പാടുള്ളൂവെന്ന നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. അധ്യാപകർക്കും ഇത് ബാധകമാണ്.

സ്കൂളുകളിൽ മാസ്ക്, ഡിജിറ്റൽ തെർമോ മീറ്റർ, സാനിറ്റൈസർ, സോപ്പ് തുടങ്ങിയവയും ഒരുക്കിയിട്ടുണ്ട്. സ്കൂളുകളുടെ സുഗമമായ പ്രവർത്തനത്തിനായി മുഴുവൻ സ്കൂളുകളിലും കോവിഡ് സെല്ലുകളും രൂപീകരിച്ചു കഴിഞ്ഞു.ജനുവരി 15 നകം പത്താം ക്ലാസിൻ്റയും ജനുവരി 30 ന് 12-ാം ക്ലാസിൻ്റയും ഡിജിറ്റൽ ക്ലാസുകളുടെ പൂർത്തീകരണം സാധ്യമാകുന്ന വിധമാണ് അധ്യയനം ക്രമീകരിച്ചിരിക്കുന്നത്. പ്രാക്ടിക്കൽ ക്ലാസ്സുകളും ഡിജിറ്റൽ പഠനത്തെ ആസ്പദമാക്കി റിവിഷൻ ക്ലാസുകളും ഇതോടൊപ്പം നടത്തും.