കാസര്‍ഗോഡ്:   ഹിതകേരള മിഷന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് ഇനി ഞാന്‍ ഒഴുകട്ടെ പരിപാടിയുടെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റേയും ഹരിതകേരള മിഷന്റേയും ബേഡഡുക്ക പഞ്ചായത്തിന്റേയും സംയുക്താഭിമുഖ്യത്തില്‍ ജയപുരം ജയപുരം നീര്‍ച്ചാല്‍ പുനരുജ്ജീവനവും തടയണ നിര്‍മ്മാണവും നടന്നു. ബേഡഡുക്ക പഞ്ചായത്തിലെ ചന്ദ്രഗിരിപുഴയുടെ കൈവഴിയായ കൊട്ടോടി-വാവടുക്കം പുഴയിലേക്ക് ചേരുന്ന ജയപുരം തോടില്‍ നാലിടങ്ങളില്‍ താല്‍ക്കാലിക തടയണകള്‍ തീര്‍ത്തു.

തോടിന്റെ നൂറ് മീറ്റര്‍ ദൂരം ശുചീകരിച്ച ശേഷമാണ് തടയണ നിര്‍മ്മാണം നടത്തിയത്. ജില്ലാ കളക്ടര്‍ ഡോ.ഡി. സജിത്ബാബു തടയണ നിര്‍മ്മാണത്തിനായി തോട്ടിലിറങ്ങി നേതൃത്വം നല്‍കി. നാട്ടുകാരും തൃതല പഞ്ചായത്ത് ജന പ്രതിനിധികളും ചേര്‍ന്ന തടയണ മഹോത്സവ ഉദ്ഘാടന വേളയില്‍ ജില്ലാ കളക്ടറും തടയണ നിര്‍മ്മാണത്തിന് ഒപ്പം ചേര്‍ന്നതോടെ ജനങ്ങള്‍ക്ക് വലിയ ആവേശമായി. നാട്ടുകാര്‍ തുടികൊട്ടിയും മംഗലം കളി കളിച്ചും തോട്ടില്‍ ഉല്‍സവാന്തരീക്ഷം ഉണ്ടാക്കി.

തടയണ മഹോത്സവം ജില്ലാ തല ഉദ്ഘാടനം നടന്നു. ഇതിന്റെ ഭാഗമായി ജില്ലയെ നാല് ക്ലസ്റ്ററുകളാക്കി എല്ലാ പഞ്ചായത്തുകളിലും ഒരാഴ്ചകാലത്തിനുള്ളില്‍ ഒരു നീര്‍ച്ചാല്‍ പുനരുജ്ജീവനവും തടയണ നിര്‍മ്മാണവും നടക്കും. നീര്‍ച്ചാലുകളിലൂടെ ഒഴുകിപ്പോകുന്ന വെള്ളത്തെ ശുചീകരിക്കുകയും അവിടവിടെ താല്‍ക്കാലിക തടയണ കെട്ടി തടഞ്ഞു നിര്‍ത്തി ഭൂമിക്കടിയിലേക്ക് വെള്ളം ഇറക്കുകയും ജലക്ഷാമത്തിന് പരിഹാരമാകും.

കോവിഡ്, ഹരിത ചട്ടങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് എം. ധന്യ അദ്ധ്യക്ഷത വഹിച്ച പരിപാടിയി ഹരിത കേരള മിഷന്‍ ജില്ലാ കോഡിനേറ്റര്‍ എം.പി.സുബ്രഹ്‌മണ്യന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി തുടരും സി ടി രമേശന്‍ നന്ദിയും പറഞ്ഞു. തൃതല പഞ്ചായത്ത് ജനപ്രതിനിധികളും ബേഡഡുക്ക പഞ്ചായത്ത് ജനപ്രതിനിധികളും ചടങ്ങില്‍ സംസാരിച്ചു.