തൃശ്ശൂര്‍: ഭവനരഹിതരില്ലാത്ത നഗരസഭയാവാൻ തയ്യാറെടുക്കുകയാണ് കൊടുങ്ങല്ലൂർ നഗരസഭ. സംസ്ഥാന സർക്കാരിൻ്റെ സമ്പൂർണ്ണ ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ വീടില്ലാത്ത 1253 പേർക്ക് വീടുകൾ നൽകിക്കഴിഞ്ഞു. ഏഴാം ഡി പി ആറിൽ ഇപ്പോൾ 500 പേർ കൂടി അപേക്ഷ നൽകിയിട്ടുണ്ട്. ഇവർക്ക് കൂടി വീടുകൾ നൽകി കൊടുങ്ങല്ലൂരിനെ ഭവനരഹിതരില്ലാത്ത നഗരസഭയാക്കുമെന്ന് നഗരസഭ ചെയർപേഴ്‌സൺ എം യു ഷിനിജ.

മുൻ നഗരസഭ ചെയർമാനും ഇപ്പോഴത്തെ വൈസ് ചെയർമാനുമായ കെ ആർ ജൈത്രന്റെ നേതൃത്വത്തിലാണ് ഭവനരഹിതരില്ലാത്ത നഗരസഭയെന്ന പദ്ധതിയ്ക്ക് തുടക്കം കുറിച്ചത്. നഗരപ്രദേശത്തെ പാർപ്പിട പ്രശ്നപരിഹാരത്തിന് പിഎംഎവൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പണി കഴിപ്പിച്ച ആയിരത്തിലധികം വീടുകളുടെ നിർമ്മാണ പൂർത്തീകരണം മുഖ്യമന്ത്രി പിണറായി വിജയനാണ് നടത്തിയത്. വീടുവയ്ക്കാൻ സ്ഥലം ഇല്ലാത്തവരായി കണ്ടെത്തിയിരിക്കുന്ന കുടുംബങ്ങൾക്ക് ഫ്ലാറ്റ് നിർമ്മാണത്തിനായി സ്ഥലം വാങ്ങുന്നതിനുള്ള നടപടികളും പുരോോഗമിക്കുന്നുണ്ട്. കഴിഞ്ഞ കൗൺസിൽ തുടങ്ങി വെച്ച വികസന പദ്ധതികൾ മുഴുവനും ഈ കൗൺസിൽ കാലഘട്ടത്തിൽ പൂർത്തീകരിക്കും. ഇപ്പോൾ ശുചിത്വ പദവി ലഭിച്ച നഗരസഭയെ രണ്ട് മാസത്തിനകം സമ്പൂർണ്ണ ശുചിത്വ നഗരസഭയാക്കും.

നഗരത്തിലെ ഹോട്ടലുകൾ, പച്ചക്കറി കടകൾ എന്നിവയിലെ ജൈവ മാലിന്യം നഗരസഭ ശേഖരിച്ച് ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പദ്ധതി നടപ്പിലാക്കും. വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഹരിത കർമ്മ സേനയെ ഉപയോഗിച്ച് ഖരമാലിന്യം ശേഖരിക്കുന്ന പദ്ധതി എല്ലാ വീടുകളിലും കടകളിലേയ്ക്കും സമ്പൂർണ്ണമാക്കും.
പ്ലാസ്റ്റിക് പൊടിച്ച് കാപ്സൂളുകളാക്കി ക്ലീൻ കേരള കമ്പനിക്ക് കൈമാറുന്നതിനുള്ള പ്ലാന്റ് മൂന്ന് മാസത്തിനകം പ്രവർത്തനം ആരംഭിക്കും. താലൂക്കാശുപത്രിയിൽ 13 കോടി രൂപ ചെലവിൽ നിർമ്മിച്ച പുതിയ കെട്ടിടം ഫെബ്രുവരിയിൽ ഉദ്ഘാടനം ചെയ്യും.

പി ഭാസ്കരൻ മെമ്മോറിയൽ ഹയർസെക്കന്ററി സ്‌കൂൾ, കുഞ്ഞിക്കുട്ടി തമ്പുരാട്ടി മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്‌കൂൾ എന്നിവിടങ്ങളിൽ മൂന്ന് കോടി രൂപ വീതം ചെലവഴിച്ച് നിർമ്മിച്ച കെട്ടിടങ്ങൾ ഫെബ്രുവരിയിൽ പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യും. ഏഴ് കോടി രൂപ ചെലവിൽ പുതിയ നഗരസഭ ഓഫീസ് സമുച്ചയം, മൂന്ന് കോടി രൂപ ചെലവിൽ ചാപ്പാറയിൽ നിർമ്മിക്കുന്ന ശാസ്ത്ര മ്യൂസിയം എന്നിവയുടെ ശിലാസ്ഥാപനം നടത്തി പണി ആരംഭിക്കും.

എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികളുടെ പഠന നിലവാരമുയർത്തുന്നതിന് സ്കൂൾ തലത്തിൽ പദ്ധതി ആരംഭിക്കും. കോട്ടപ്പുറം കായലിന് സമീപം 54 ലക്ഷം രൂപ ചിലവിൽ നിർമിക്കുന്ന കുട്ടികളുടെ പാർക്കിൻ്റെ നിർമ്മാണവും ഉടൻ പൂർത്തീകരിക്കും. മേത്തലയിൽ നിർമിക്കുന്ന മിനി സിവിൽ സ്റ്റേഷൻ്റെ നിർമാണവും ദ്രുതഗതിയിൽ പൂർത്തീകരിക്കുവാൻ നടപടികൾ സ്വീകരിക്കും. മുസിരിസ് പൈതൃക പദ്ധതിയുടെ സഹായത്തോടെ കൊടുങ്ങല്ലൂർ ചന്തപ്പുര ബൈപ്പാസിൽ ഇരു വശങ്ങളിലും പൂച്ചെടികൾ വച്ചുപിടിപ്പിച്ച് സംരക്ഷിക്കും. ഇരുവശത്തും തെരുവ് വിളക്കുകൾ സ്ഥാപിക്കുമെന്നും എം യു ഷിനിജ പറഞ്ഞു.