തിരുവനന്തപുരം: 2020 ഓടെ കേരളത്തില്‍ നിന്നും മലേറിയ പൂര്‍ണമായും നിര്‍മാര്‍ജനം ചെയ്യാന്‍ സാധിക്കണമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. 2018 ഓടെ മലേറിയ മൂലമുള്ള മരണം പൂര്‍ണമായും ഒഴിവാക്കാന്‍ സാധിക്കണം. എവിടെയെങ്കിലും മലേറിയ റിപ്പോര്‍ട്ട് ചെയ്താല്‍ ഉടന്‍ തന്നെ ഇടപെടുകയും അത് തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണമെന്നും മന്ത്രി പറഞ്ഞു. ഇതിനായി പൊതുജനങ്ങളുടെ പങ്കാളിത്തവും മന്ത്രി അഭ്യര്‍ത്ഥിച്ചു. മലമ്പനി നിവാരണ യജ്ഞം സംസ്ഥാനതല ഔദ്യോഗിക പ്രഖ്യാപനവും ശില്‍പശാലയുടെ ഉദ്ഘാടനവും ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയം കോംപ്ലക്‌സ് ഒളിമ്പ്യ ചേമ്പേഴ്‌സ് ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയുമായിരുന്നു മന്ത്രി.
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നിര്‍മ്മാണ മേഖലയില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ വളരെ വലുതാണ്. അതിനാല്‍ തന്നെ അവര്‍ക്ക് നല്ല പരിചരണം നല്‍കേണ്ടതും നമ്മുടെ ആവശ്യമാണ്. ഇതുകൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. 2020-തോടു കൂടി കേരളത്തിലെ എല്ലാ ജില്ലകളില്‍ നിന്നും തദ്ദേശീയ മലമ്പനി ഇല്ലാതാക്കുന്നതോടൊപ്പം കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ താമസിച്ച് തിരിച്ച് വരുന്നവരില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളില്‍ നിന്നും ഉണ്ടാകുന്ന മലമ്പനി രോഗബാധയില്‍ നിന്നും തദ്ദേശീയ മലമ്പനി ബാധ ഉണ്ടാകുന്നത് തടയുവാനും ലക്ഷ്യമിടുന്നു.
ജീവിതശൈലീ രോഗങ്ങള്‍, പകര്‍ച്ചവ്യാധികള്‍ തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടാനായി ആരോഗ്യ വകുപ്പ് മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ കഠിന പരിശ്രമം നടത്തിയാല്‍ മാത്രമേ ഫലം ലഭിക്കുകയുള്ളൂ. കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയും ശ്രദ്ധാപൂര്‍ണമായ ഇടപെടലിലൂടെയും കാലാവസ്ഥാ വ്യതിയാനങ്ങള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളെ ഫലപ്രദമായി നേരിടാമെന്നും മന്ത്രി പറഞ്ഞു.
മഴക്കാലത്ത് പകര്‍ച്ച വ്യാധികളെ നേരിടുന്നതിനായി ആരോഗ്യ ജാഗ്രതയുടെ പ്രവര്‍ത്തനങ്ങള്‍ വളരെ നേരത്തെ തുടങ്ങിക്കഴിഞ്ഞു. കൊതുകുനിവാരണത്തിനായി എല്ലാവരും ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ ഓരോ വീടും ഓരോ സ്ഥാപനങ്ങളും സന്ദര്‍ശിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.
ആരോഗ്യ മേഖലയില്‍ രണ്ട് വര്‍ഷമായി മെച്ചപ്പെട്ട സേവനങ്ങളാണ് നല്‍കാനായത്. 75 ലധികം കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു. ബാക്കിയുള്ളവയില്‍ ഭൂരിഭാഗം കേന്ദ്രങ്ങളും ഈ മാസത്തോടെ പ്രവര്‍ത്തനസജ്ജമാകുമെന്നും മന്ത്രി പറഞ്ഞു.
നഗരസഭാ മേയര്‍ അഡ്വ. വി.കെ. പ്രശാന്ത് അധ്യക്ഷത വഹിച്ച യോഗത്തില്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ. ആര്‍.എല്‍. സരിത, നഗരസഭ കൗണ്‍സിലര്‍ ഐഷാ ബക്കര്‍, മെഡിക്കല്‍ സര്‍വീസ് ഇന്‍ഷ്വറന്‍സ് ഡയറക്ടര്‍ ഡോ. അജിത ആര്‍ നായര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. വി. മീനാക്ഷി എന്നിവര്‍ പങ്കെടുത്തു.
മലമ്പനി പ്രവര്‍ത്തനങ്ങളുടെ രൂപരേഖ, ലോഗോ, ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായുള്ള 8 ഭാഷകളിലുള്ള പോസ്റ്റര്‍ എന്നിവയും ചടങ്ങില്‍ പ്രകാശനം ചെയ്തു. ഇതോടനുബന്ധിച്ച് മലമ്പനി നിവാരണ ശില്‍പശാലയും സംഘടിപ്പിച്ചു.