ഗ്രാമപഞ്ചായത്തോഫീസില്‍ എത്തുന്ന പൊതുജനങ്ങള്‍ക്ക് ഏറെ സൗകര്യങ്ങളൊരുക്കി പീരുമേട് ഗ്രാമപഞ്ചായത്ത് നവീകരിച്ചു. ലോകബാങ്ക് സഹായത്തോടെ 29ലക്ഷത്തോളം രൂപമുടക്കിയാണ് ഗ്രാമപഞ്ചായത്ത് പുതുതായി ഫ്രണ്ട് ഓഫീസ് കെട്ടിടവും പൊതുജനങ്ങള്‍ക്ക് ഇരിപ്പിടമുള്‍പ്പെടെയുളള അനുബന്ധ സൗകര്യങ്ങളും സജ്ജീകരിച്ചത്. ഫ്രണ്ട് ഓഫീസ് കെട്ടിട ഉദ്ഘാടനവും പട്ടികജാതി കുട്ടികള്‍ക്കുളള ലാപ് ടോപ്പ്, സൈക്കിള്‍ വിതരണവും പീരുമേട് എം.എല്‍.എ ഇ.എസ്. ബിജിമോള്‍ നിര്‍വ്വഹിച്ചു. പീരുമേട് എസ്.എം.എസ് ക്ലബ്ബ് ഹാളില്‍ നടന്ന യോഗത്തിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുലേഖ.റ്റി.എസ് അധ്യക്ഷത വഹിച്ചു. പത്തുലക്ഷം രൂപ ചെലവഴിച്ച് 38 ലാപ്‌ടോപ്പും അഞ്ചുലക്ഷം രൂപ മുടക്കി 82 സൈക്കിളുമാണ് വിതരണം ചെയ്തത്, കൂടാതെ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വൃദ്ധജനങ്ങള്‍ക്കായി 46 കട്ടിലുകളും വിതരണം ചെയ്തു. ബ്ലോക്ക്, ഗ്രാമപഞ്ചായത്തംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് രാജു വടുതല സ്വാഗതവും സെക്രട്ടറി കെ.റ്റി.ഷാജി നന്ദിയും പറഞ്ഞു.