തിരുവനന്തപുരം: ബീമാപ്പള്ളിയിലെ ഈ വർഷത്തെ ഉറൂസ് മഹോത്സവം ജനുവരി 15 മുതൽ 25 വരെ നടക്കും. കർശന കോവിഡ് മാർഗനിർദേശങ്ങൾ പാലിച്ചാകണം ആഘോഷങ്ങളെന്ന് ഒരുക്കങ്ങൾ വിലയിരുത്താൻ ചേർന്ന യോഗത്തിൽ സഹകരണം – ടൂറിസം – ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
കോവിഡിന്റെ പശ്ചാത്തലത്തിൽ ഉറൂസുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലും ആഘോഷങ്ങളിലും ആൾക്കൂട്ടം പരമാവധി ഒഴിവാക്കണമെന്നു മന്ത്രി പറഞ്ഞു. 25ലെ പട്ടണ പ്രദക്ഷിണത്തിൽ പങ്കെടുക്കുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തുന്നതിനുള്ള ക്രമീകരണം പള്ളി കമ്മിറ്റി ഉറപ്പാക്കണം. പള്ളിയിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശന കവാടങ്ങളിൽ സാനിറ്റൈസർ, മറ്റു കോവിഡ് പ്രതിരോധ ഉപാധികൾ എന്നിവ ഒരുക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ ഉത്സവാഘോഷങ്ങളുമായി ബന്ധപ്പെട്ടു സർക്കാർ പുറപ്പെടുവിക്കുന്ന മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കുന്നതിനുള്ള ക്രമീകരണങ്ങൾ പള്ളി കമ്മിറ്റി ഒരുക്കണം. ഇക്കാര്യം ഉറപ്പാക്കാൻ ജില്ലാ കളക്ടറെ മന്ത്രി ചുമതലപ്പെടുത്തി.
ബീമാപ്പള്ളിയിലേക്കുള്ള റോഡുകളുടെ അറ്റകുറ്റപ്പണി, ശുചീകരണ പ്രവർത്തനങ്ങൾ തുടങ്ങിയവ അടിയന്തരമായി പൂർത്തിയാക്കാൻ കോർപ്പറേഷൻ അധികൃതർക്കു നിർദേശം നൽകി. പൂന്തുറ, ശ്രീവരാഹം ഭാഗങ്ങളിലെ വഴിവിളക്കുകളുടെ അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കാൻ കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി.
വിവിധ വകുപ്പുകളുടെ ഏകോപനത്തിനായി തഹസിൽദാരുടെ നേതൃത്വത്തിൽ റവന്യൂ വകുപ്പിന്റെ പ്രത്യേക കൺട്രോൾ റൂം ബീമാപ്പള്ളിയിൽ തുറക്കും. ആരോഗ്യ വകുപ്പിന്റെയും പ്രത്യേക കൺട്രോൾ റൂം പ്രവർത്തിക്കും. ഉത്സവാഘോഷങ്ങളിൽ കർശന ഗ്രീൻ പ്രോട്ടോക്കോൾ പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
കൗൺസിലർമാരായ ജെ. സുധീർ, മിലാനി, ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ, ഡി.സി.പി. ഡോ. ദിവ്യ വി. ഗോപിനാഥ്, എ.ഡി.എം ഇൻ-ചാർജ് ഇ.എം. സഫീർ, ബീമാപ്പള്ളി മുസ്ലിം ജമാഅത് ജനറൽ സെക്രട്ടറി എം. ഹാസിൽ, പ്രസിഡന്റ് എ. മാഹീൻ, കോർപ്പറേഷൻ സെക്രട്ടറി കെ.യു. ബിനി തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.