കുടുംബശ്രീയുടെ 20-ാംവാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കുടുംബശ്രീ അംഗങ്ങള്‍ക്കായി നടത്തുന്ന ‘അരങ്ങ് 2018’ കലാ-കായിക മേളയുടെ ജില്ലാതല മത്സരം ഏപ്രില്‍ 30ന് നഗരസഭാ ടൗണ്‍ഹാളില്‍ നടക്കും. പരിപാടിയുടെ നടത്തിപ്പതിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ശാന്തകുമാരി ചെയര്‍പേഴ്സനായും നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രമീള ശശിധരന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റി.കെ. നാരായണദാസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി പുഷ്പജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷന്‍ പ്രതിനിധി സി.എം. നീലകണ്ഠന്‍ എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരുമായാണ് സംഘാടക സമിതി രൂപവത്ക്കരിച്ചത്. ജില്ലാ പഞ്ചായത്ത് മിനി സമ്മേളനഹാളില്‍ നടന്ന പരിപാടി ജില്ലാപഞ്ചായത്ത് വൈസ്പ്രസിഡന്റ് റ്റി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു.
താലൂക്ക്തല മത്സര വിജയികളാണ് ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുക. മൂന്ന് വേദികളിലായി 23 സ്റ്റേജ് ഇനങ്ങളും ആറ് സ്റ്റേജിതര മത്സരങ്ങളും നടക്കും. 18നും 35 നുമിടയില്‍ പ്രായമുള്ളവര്‍ ജൂനിയര്‍തലത്തിലും 35 മുകളില്‍ പ്രായമുള്ളവര്‍ സീനിയര്‍ തലത്തിലും മത്സരിക്കും. ഒരു മത്സരാര്‍ത്ഥിക്ക് മൂന്ന് വ്യക്തിഗത ഇനങ്ങളിലും രണ്ട് ഗ്രൂപ്പിനങ്ങളിലും മത്സരിക്കാം. മെയ് രണ്ടിന് വിക്റ്റോറിയ കോളെജ് മൈതാനത്ത് കായിക മത്സരങ്ങള്‍ നടക്കും. വോളിബാള്‍, ഫൂട്ബാള്‍, ഓട്ടം, വടംവലി, ലോങ്ജംപ്, നടത്തം, ഷോട്ട്പുട്ട് എന്നിവയാണ് കായിക മത്സരങ്ങള്‍. ജില്ലാതല മത്സര വിജയികള്‍ മെയ് മൂന്ന്, നാല്, അഞ്ച് തീയതികളില്‍ എടപ്പാളില്‍ നടക്കുന്ന സംസ്ഥാനതല അരങ്ങ് 2018 മത്സരത്തില്‍ പങ്കെടുക്കും.
ജില്ലാപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ കെ. ബിനുമോള്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം ദേവി, കുടുംബശ്രീ ജില്ലാ കോഡിനേറ്റര്‍ പി. സെയ്തലവി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.