ആലപ്പുഴ: തെരുവ് നായയുടെ ശല്യം ഇല്ലാതാക്കുന്നതിനായി എ.ബി.സി.- ആനിമല്‍ ബെര്‍ത്ത് കണ്ട്രോള്‍ (നായകളെ വന്ധ്യംകരിക്കുന്ന) പദ്ധതി കൂടുതല്‍ ഊര്‍ജ്ജിതമാക്കി നടപ്പാക്കാന്‍ ജില്ല കളക്ടര്‍ എ. അലക്സാണ്ടര്‍ നിര്‍ദ്ദേശം നല്‍കി. വന്ധ്യംകരണ കേന്ദ്രങ്ങളില്‍ സ്റ്റെറിലൈസേഷന്‍ സംവിധാനം വിപുലൂകരിക്കും. ഇതിനാവശ്യമായ അധിക ഉപകരണങ്ങള്‍ വാങ്ങാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ജില്ലയിലെ മൃഗാശുപത്രികളില്‍ വന്ധ്യംകരണ കേന്ദ്രങ്ങള്‍ ആംരഭിക്കുന്നതിനു മുന്നോടിയായി ഇവിടങ്ങളിലെ സൗകര്യം പരിശോധിക്കാന്‍ ജില്ലാ മൃഗസംരക്ഷണ ഓഫീസറെ ചുമതലപ്പെടുത്തി.

പഞ്ചായത്തു തലത്തില്‍ തെരുവ് നായ നിയന്ത്രണത്തിനായി വാര്‍ഡ് തലത്തില്‍ മോണിറ്ററിംഗ് സമിതി പുനഃസംഘടിപ്പിക്കണം. പഞ്ചായത്ത് ഉപഡയറക്ടര്‍ ഇത് ഉറപ്പാക്കണം. മുനിസിപ്പാലിറ്റികള്‍ക്ക് ആവശ്യമെങ്കില്‍ തനതായി ഈ പ്രവര്‍ത്തനം നടത്താം. എ.ബി.സി പദ്ധതി നടപ്പാക്കുന്നതിനായി ആവശ്യമെങ്കില്‍ മറ്റ് ഏജന്‍സികളേയും ചുമതലപ്പെടുത്താം. ആലപ്പുഴ ബീച്ചിന് സമീപത്ത് ജില്ല പഞ്ചായത്ത് നിര്‍മ്മിക്കുന്ന വന്ധ്യംകരണ കേന്ദ്രത്തിന്റെ പണി വേഗത്തിലാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. അലഞ്ഞ് തിരിയുന്ന നായകളെ സംരക്ഷിക്കുന്ന വിവിധ സംഘടനകള്‍, വ്യക്തികള്‍ എന്നിവരുടെ സഹായവും ഉപയോഗപ്പെടുത്തും.

യോഗത്തില്‍ ജില്ല പഞ്ചായത്ത് സെക്രട്ടറി കെ.ആര്‍. ദേവദാസ്, കുടുംബശ്രീ മിഷന്‍ അസി. കോ- ഓര്‍ഡിനേറ്റര്‍ സേവ്യര്‍, നഗരസഭാ സെക്രട്ടറി, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിവിധ സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു