തൃശ്ശൂർ: മുസിരിസ് പൈതൃക പദ്ധതി കൺവെൻഷൻ സെന്റർ കോവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കൊടുങ്ങല്ലൂർ നഗരസഭയിലെ രണ്ടാമത്തെ കോവിഡ് ചികിത്സാ കേന്ദ്രമാണിത്.പുല്ലൂറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പദ്ധതിയുടെ കെട്ടിടസമുച്ചയം മാസങ്ങൾക്കു മുമ്പ് തന്നെ രോഗികളെ ചികിത്സിക്കുന്നതിനുള്ള എല്ലാ സജ്ജീകരണങ്ങളുമുൾപ്പടെ നഗരസഭ തയ്യാറാക്കിയിരുന്നു.

കേന്ദ്രത്തിന്റെ ഫലപ്രദമായ നടത്തിപ്പിന് നഗരസഭാ ചെയര്‍മാന്‍ ചെയര്‍മാനും താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. ടി വി റോഷ് കണ്‍വീനറുമായുള്ള ഒരു മാനേജിംഗ് കമ്മിറ്റിയും രൂപീകരിച്ചിരുന്നു.ജില്ലയിലെ ചില സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം പുനരാരംഭിച്ചതിനെ തുടർന്ന് അവിടെ പ്രവർത്തിച്ചിരുന്ന ചികിത്സാകേന്ദ്രങ്ങൾ നിർത്തലാക്കേണ്ടി വന്നതിനാലാണ് ഈ കേന്ദ്രം അടിയന്തരമായി പ്രവർത്തനമാരംഭിച്ചത്. ഇവിടേക്കാവശ്യമായ ഡോക്ടർമാരെയും അമ്പതോളം സ്റ്റാഫിനെയും നിയമിച്ചുകഴിഞ്ഞു. അവർക്ക് താമസ സൗകര്യവും കേന്ദ്രത്തിൽ തന്നെ ഒരുക്കിയിട്ടുണ്ട്.

നിലവിൽ 250 രോഗികളെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യമാണ് മുസിരിസ് കൺവെൻഷൻ സെന്ററിലുള്ളത്. സ്ത്രീകളായ രോഗികളെ മാത്രമാണ് ഇവിടെ പ്രവേശിപ്പിക്കുക. ആദ്യഘട്ടത്തിൽ കുറച്ച് രോഗികളെ മാത്രം പ്രവേശിപ്പിച്ച് ക്രമേണ കൂടുതൽ രോഗികളെ
ഇവിടേയ്ക്ക് മാറ്റുവാനാണ് തീരുമാനം. ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന മുസിരിസ് പ്രോജക്റ്റ് മാനേജിങ് ഡയറക്ടറുടെ ഓഫീസ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. കോവിഡ് ചികിത്സാ കേന്ദ്രത്തിലെ ഭക്ഷണം ഉൾപ്പെടെയുള്ള മുഴുവൻ ചിലവും നഗരസഭയാണ് വഹിക്കുക. വാട്ടർ ഫിൽറ്റർ, ടി.വി, ഫ്രിഡ്ജ് തുടങ്ങിയ ഉപകരണങ്ങൾ സന്നദ്ധ സംഘടനകളും മറ്റും സ്പോൺസർ ചെയ്തു കഴിഞ്ഞു.

പുല്ലൂറ്റ് ചികിത്സാ കേന്ദ്രം പ്രവർത്തനം ആരംഭിച്ചതോടെ നിലവിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവർത്തിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രത്തിലെ രോഗികളെ ഇങ്ങോട്ടേക്ക് മാറ്റണമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസിന് നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ, വൈസ് ചെയർമാൻ കെ ആർ ജൈത്രൻ എന്നിവർ നിവേദനം നൽകിയിട്ടുണ്ട്. പ്രതിദിനം 1800 രോഗികൾ സന്ദർശിക്കുന്ന കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ കോവിഡ് ചികിത്സാകേന്ദ്രം ആരംഭിച്ചതോടെ പാവപ്പെട്ട രോഗികൾ സ്വകാര്യ ആശുപത്രികളെയാണ് കൂടുതലായി ആശ്രയിക്കുന്നത്. ഈ സാഹചര്യം ഒഴിവാക്കാനാണ് താലൂക്കാശുപത്രിയിലെ കോവിഡ് രോഗികളെ ഇവിടേക്ക് മാറ്റി കൊടുങ്ങല്ലൂരിൽ ഒ പിയും ഐ പി യും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെടുന്നത്.

കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെൻ്ററിൻ്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ എം യു ഷിനിജ നിർവ്വഹിച്ചു. വൈസ് ചെയർമാൻ കെ ആർ ജൈത്രൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി എം നൗഷാദ്, കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ ടി വി റോഷ്, ഡോ ഗായത്രി വിജയരാഘവൻ, വിവിധ വാർഡ് കൗൺസിലർമാർ എന്നിവർ പങ്കെടുത്തു.