ആലപ്പുഴ: സിനിമാ തിയറ്ററുകള്‍ തുറക്കുമ്പോള്‍ കര്‍ശന പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അതി തീവ്ര രോഗവ്യാപനത്തിന് സാധ്യതയുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. സിനിമ തിയറ്ററുകളില്‍ രാവിലെ ഒമ്പതിനും രാത്രി ഒമ്പതിനും ഇടയില്‍ മാത്രം പ്രദര്‍ശനം നടത്തുക. മള്‍ട്ടിപ്ലെക്സുകളില്‍ പ്രദര്‍ശന സമയങ്ങള്‍ വ്യത്യസ്തമായി ക്രമീകരിക്കുക.

സീറ്റുകളില്‍ പകുതി പേരെ അകലമുറപ്പാക്കി ഇരുത്തുക. കാണികളുടെയും തിയേറ്റര്‍ ജീവനക്കാരുടെയും ലക്ഷണങ്ങള്‍ പരിശോധിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഉള്ളില്‍ പ്രവേശിപ്പിക്കരുത്. പ്രവേശനത്തിനു മുന്‍പ് കൈകള്‍ അണുവിമുക്തമാക്കണം. ആളുകള്‍ തമ്മില്‍ 6 മീറ്റര്‍ അകലം പാലിക്കണം. മാസ്‌ക് ശരിയായി ധരിക്കണം. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മാസ്‌ക് താഴ്ത്തരുത്.

പ്രദര്‍ശനം തുടങ്ങുന്നതിനു മുന്‍പും ശേഷവും വായു സഞ്ചാരമുറപ്പാക്കാന്‍ വാതിലുകള്‍ തുറന്നിടുക. തിയറ്ററുകള്‍ തുറക്കുന്ന മുറയ്ക്ക് എ.സി. സര്‍വ്വീസ് ചെയ്ത് വൃത്തിയാക്കുക. പരമാവധി പുറത്തെ വായു കൈമാറ്റം സാധ്യമാകുന്ന തരത്തില്‍ എ.സി. പ്രവര്‍ത്തിപ്പിക്കുക. ടിക്കറ്റ് കൗണ്ടര്‍, ലഘുഭക്ഷണശാല എന്നിവിടങ്ങളില്‍ 6 മീറ്റര്‍ അകലമുറപ്പാക്കുക.

ഒരു സീറ്റ് അകലത്തില്‍ കാണികളെ ഇരുത്തുക. സ്റ്റെയര്‍ കേസ് ഉപയോഗിക്കുക. ഭക്ഷണ പാനീയങ്ങള്‍ തിയറ്ററിനുള്ളില്‍ അനുവദിക്കരുത്. ഇടവേളകള്‍ ലഘുഭക്ഷണത്തിന് അനുവദിക്കുക. പ്രധാന പോയിന്റുകളില്‍ ദിശാ സൂചനകളും വിവരങ്ങളും പ്രദര്‍ശിപ്പിക്കുക. ആരോഗ്യ സന്ദേശങ്ങളും അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും അനൗണ്‍സ് ചെയ്യണം.

സീറ്റുകള്‍, കൈപ്പിടികള്‍, വാതില്‍പ്പിടികള്‍, കൈവരികള്‍ തുടങ്ങിയവ അണുവിമുക്തമാക്കണം. ശൗചാലയങ്ങളില്‍ വായു സഞ്ചാരമുണ്ടായിരിക്കണം. തിരക്കു പാടില്ല. സോപ്പും വെള്ളവും ഉണ്ടായിരിക്കണം. ടാപ്പ്, വാതില്‍പ്പിടി, വാഷ്ബേസിന്‍ തുടങ്ങിയവ അണുവിമുക്തമാക്കണം. ഓണ്‍ലൈന്‍ ബുക്കിങ്ങ് പ്രോത്സാഹിപ്പിക്കുക. പാര്‍ക്കിങ്ങ് സ്ഥലത്ത് തിരക്കു പാടില്ല. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങളെകുറിച്ച് തിയറ്റര്‍ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കണം.60 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവരെയും ഗുരുതര രോഗങ്ങളുള്ള ജീവനക്കാരെയും റിസ്‌ക് കുറഞ്ഞ സ്ഥലത്ത് ഡ്യൂട്ടിക്കിടുക.