മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം

കോന്നി മെഡിക്കല്‍ കോളേജിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. ഫെബ്രുവരി മാസത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കിടത്തി ചികിത്സ ആരംഭിക്കുന്നതാണ്. ആദ്യം 100 കിടക്കകളുള്ള സംവിധാനമാണ് സജ്ജമാക്കുക. ഘട്ടം ഘട്ടമായി 300ഉം തുടര്‍ന്ന് 500ഉം കിടക്കകളുള്ള ആശുപത്രിയാക്കി മാറ്റാനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതാണ്. ഇതോടൊപ്പം കാരുണ്യ ഫാര്‍മസിയും സജ്ജമാക്കും. ആശുപത്രി ബ്ലോക്കില്‍ കിടത്തി ചികിത്സ തുടങ്ങുന്നതിനാവശ്യമായ ഉപകരണങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാവശ്യമായ വൈദ്യുതി കണക്ഷന്‍ എത്രയും വേഗം ലഭ്യമാക്കാന്‍ നിര്‍ദേശം നല്‍കി. പാറ നീക്കം ചെയ്യാനുള്ള നടപടികള്‍ വേഗത്തിലാക്കും. ഓപ്പറേഷന്‍ തീയറ്ററുകള്‍ മോഡുലാര്‍ ഓപ്പറേഷന്‍ തീയറ്ററുകളാക്കി മാറ്റുന്നതാണ്. പാര്‍ക്കിംഗ്, വേസ്റ്റ് മാനേജ്‌മെന്റ്, സ്റ്റീവേജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് എന്നിവ സജ്ജമാക്കും. ആശുപത്രിക്കാവശ്യമായ ഉപകരണങ്ങളും ഫര്‍ണിച്ചറുകളും ലഭ്യമാക്കും. റോഡ് നിര്‍മ്മാണം വേഗത്തിലാക്കുന്നതാണ്. ആശുപത്രി വികസന സമിതി കഴിയുന്നതും നേരത്തെ രൂപീകരിക്കുന്നതിനും മന്ത്രി നിര്‍ദേശം നല്‍കി.

കോന്നി മെഡിക്കല്‍ കോളേജിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് 26 അധ്യാപക തസ്തികകളും 260 അനധ്യാപക തസ്തികകളും ഉള്‍പ്പെടെ 286 തസ്തികകളാണ് അടുത്തിടെ സൃഷ്ടിച്ചത്. ആശുപത്രിയുടെ രണ്ടാംഘട്ട നിര്‍മ്മാണത്തിനായി 218 കോടി രൂപയും അനുവദിച്ചു.

കെ.യു. ജനീഷ് കുമാര്‍ എം.എല്‍.എ., ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജന്‍ എന്‍. ഖോബ്രഗഡെ, ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഡോ. എ. റംലബീവി, ജോ. ഡയറക്ടര്‍ ഡോ. തോമസ് മാത്യു, സ്‌പെഷ്യല്‍ ഓഫീസര്‍ ഡോ. ഹരികുമാരന്‍ നായര്‍, കെ.എം.എസ്.സി.എല്‍. ജനറല്‍ മാനേജര്‍ ഡോ. ദിലീപ്, കോന്നി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സി.എസ്. വിക്രമന്‍, സൂപ്രണ്ട് ഡോ. എസ്. സജിത്ത് കുമാര്‍, ധനകാര്യം, പി.ഡബ്ല്യു.ഡി, വാട്ടര്‍ അതോറിറ്റി, കെ.എസ്.ഇ.ബി. തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.