പാലക്കാട്:  തടവുകാർക്ക് ആട്ടവും പാട്ടും പുതുവിഭവങ്ങളും പുത്തൻ അനുഭവമായി മലമ്പുഴ ജില്ല ജയിലിൽ ജയിൽക്ഷേമ ദിനാചാരണം ‘കൊണ്ടാട്ടം 2021’ നടന്നു. ജയിലിലെ അന്തേവാസികൾക്കും ഉദ്യോഗസ്ഥർക്കും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സൗഹൃദ അന്തരീക്ഷം ഒരുക്കുന്നതിനുമായി നടത്തിയ ദിനാഘോഷം ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി ഓൺലൈനായി ഉദ്ഘാടനം ചെയ്തു. ജയിലിൽ എത്തുന്നവരെ മാനസിക പരിവർത്തനത്തിനുശേഷം മികച്ച വ്യക്തിത്വങ്ങളായി സമൂഹത്തിലേക്ക് തിരികെ അയയ്ക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ജയിലുകളിൽ നടപ്പിലാക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
മികച്ച അന്തരീക്ഷം, ജോലി ചെയ്യുന്നതിനുള്ള സൗകര്യം, കൗൺസിലിംഗ്, തുടങ്ങിയവ ഒരുക്കുന്നുണ്ട്. ഇവ പ്രയോജനപ്പെടുത്തി സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരുത്തുന്നതിനായി തടവുകാർ ശ്രമിക്കുന്നത് പദ്ധതികളുടെ വിജയമാണെന്നും മന്ത്രി പറഞ്ഞു. ജയിൽ പ്രവർത്തനം തുടങ്ങി ഒരു വർഷത്തിനിടയിൽ തന്നെ തരിശുനിലമായി കിടന്നിരുന്ന ജയിൽ വളപ്പിൽ പച്ചക്കറി, പഴവർഗങ്ങൾ, പൂച്ചെടികൾ, തെങ്ങ്, എന്നിവ കൃഷി ചെയ്തു
പച്ചപ്പാർന്ന അന്തരീക്ഷം ഒരുക്കിയ ജയിൽ സൂപ്രണ്ട്, ഉദ്യോഗസ്ഥർ, തടവുകാർ എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ജയിലിൽ നിന്നും തിരികെ പോകുന്നവർ കൃഷിപ്പണി ചെയ്ത് ഉപജീവനം കഴിക്കാനും അധ്വാനശേഷി ഉള്ളവരായി മാറുന്നതും പൊതുസമൂഹത്തിലും അവരുടെ കുടുംബങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും എന്നും മന്ത്രി പറഞ്ഞു.
മധ്യമേഖലാ ഡിഐജി സാം തങ്കയ്യൻ പരിപാടിയിൽ അധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ പി. സുരേഷ് ബാബു, ജയിൽ സൂപ്രണ്ട് അനിൽകുമാർ, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമാവതി മോഹൻദാസ്, യുവക്ഷേത്ര കോളേജ് വൈസ് പ്രിൻസിപ്പൽ ലാലു ഓലിക്കൽ, പാലക്കാട് ലയൺസ് ക്ലബ് ഭാരവാഹികൾ, പാലക്കാട് മേഴ്സി കോളേജ് വിദ്യാർഥികൾ, വെൽഫെയർ ഓഫീസർ ധന്യ, ജയിൽ വകുപ്പ് ഉദ്യോഗസ്ഥർ, ജയിലിലെ അന്തേവാസികൾ എന്നിവർ പങ്കെടുത്തു.
ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായി പാലക്കാട് മേഴ്സി കോളേജിലെ വിദ്യാർത്ഥികൾ പ്രത്യേക കലാപരിപാടികൾ അവതരിപ്പിച്ചു. ജയിലിൽ കൃഷി ചെയ്ത 36 ഇനം വിളകളുടെ പ്രദർശനവും ഒരുക്കിയിരുന്നു. നിലക്കടല, മട്ട അരി, കിഴങ്ങുവർഗങ്ങൾ, പച്ചക്കറികൾ, പൂക്കൾ എന്നിവ ഉൾപ്പെടെ പ്രദർശിപ്പിച്ചിരുന്നു. ബുഫേ രീതിയിലുള്ള ഭക്ഷണ വിതരണവും തട്ടുകടയും ദിനാഘോഷത്തിൽ പ്രത്യേകതയായി. കോവിഡ് പ്രതിരോധ പ്രവർത്തനത്തിൻ്റെ ഭാഗമായി തടവുകാർ ഡിസൈൻ ചെയ്ത പോസ്റ്ററുകളും പ്രദർശിപ്പിച്ചിരുന്നു.