കൊല്ലം:രോഗബാധ തടയുന്നതിനായി സമൂഹത്തില്‍ രോഗസാധ്യത കൂടുതലുള്ള വിഭാഗങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള രണ്ടാംഘട്ട പരിശോധന കൊല്ലത്ത്  ശക്തമാക്കുന്നു.
സമൂഹത്തില്‍ നിരന്തരം ഇടപഴകുന്ന ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍, സ്വാഭാവിക വായുസഞ്ചാരം കുറഞ്ഞതും അടഞ്ഞ വാതില്‍ സംവിധാനമുള്ളതുമായ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലെ ജീവനക്കാര്‍, എ സി ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, സ്വര്‍ണ്ണക്കടകള്‍, തുണിക്കടകള്‍, ഷോപ്പിംഗ് മാളുകള്‍ തുടങ്ങിയവയിലെ ജീവനക്കാര്‍, മാര്‍ക്കറ്റുകളിലെ കടയുടമകള്‍, തൊഴിലാളികള്‍, ചുമട്ടുതൊഴിലാളികള്‍, കശുവണ്ടിത്തൊഴിലാളികള്‍, റെയില്‍വേ,   കെ എസ് ആര്‍ ടി സി ജീവനക്കാര്‍ തുടങ്ങി വിവിധ വിഭാഗക്കാരെ പരിശോധനയ്ക്ക് വിധേയമാക്കും.
ഇതിന്റെ ഭാഗമായി ജനുവരി 5, 6 ദിവസങ്ങളിൽ കോവിഡ് സ്‌പെഷ്യല്‍ ചെക്കപ്പ് പ്രത്യേക കേന്ദ്രങ്ങളിൽ നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു.

ജില്ലയിൽ തിങ്കളാഴ്ച 183 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 273 പേർ രോഗമുക്തി നേടി. മുനിസിപ്പാലിറ്റികളില്‍ കൊട്ടാരക്കരയിലും ഗ്രാമപഞ്ചായത്തുകളില്‍ പട്ടാഴിയിലുമാണ് രോഗബാധിതര്‍ കൂടുതലുള്ളത്.വിദേശത്ത് നിന്നെത്തിയ ഒരാള്‍ക്കും സമ്പര്‍ക്കം വഴി 177 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത മൂന്നു പേര്‍ക്കും രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ 21 പേര്‍ക്കാണ് രോഗബാധ.