എറണാകുളം : ജില്ലയില്‍ നടപ്പു സാമ്പത്തിക വര്‍ഷം സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം പാദത്തില്‍ ബാങ്കുകള്‍ വിതരണം ചെയ്തത് 24438 കോടിരൂപ. ഇതില്‍ 9558.39 കോടിരൂപ മുന്‍ഗണനാ വിഭാഗങ്ങള്‍ക്കാണ് നല്‍കിയത്. കാര്‍ഷിക മേഖലയില്‍ 4129 കോടിയും സൂക്ഷ്മ, ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് 4149.87 കോടിരൂപയും ഭവനവായ്പ, വിദ്യാഭ്യാസ വായ്പ എന്നിവ ഉള്‍പ്പെടുന്ന മറ്റ് മുന്‍ഗണനാ മേഖലയ്ക്ക് 1245.49 കോടിരൂപയും വായ്പയായി നല്‍കി.

സെപ്റ്റംബർ അവസാനം ജില്ലയിലെ ബാങ്കുകളിലെ ആകെ നിക്ഷേപം 121996.52 കോടിരൂപയും മൊത്തം വായ്പത്തുക 92339.03 കോടിരൂപയുമാണ്, ജില്ലയിലെ വായ്പ നിക്ഷേപ അനുപാതം 75.69 ശതമാനമാണ്. ജില്ലാ വികസന കമ്മീഷ്ണര്‍ അഫ്സാന പര്‍വീണിന്‍റെ അദ്ധ്യക്ഷതയില്‍ നടന്ന ജില്ലാതല ബാങ്കിംഗ് സമിതിയുടെ അവലോകന യോഗം പി.ടി.തോമസ് എംഎൽഎ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ വിദ്യാർത്ഥികൾക്ക് അനുകൂലമായ തീരുമാനങ്ങൾ കൈകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലയുടെ സമഗ്ര വികസനത്തിന് 2021-22 വർഷത്തേക്ക് നബാർഡ് തയാറാക്കിയ വായ്പാ പദ്ധതി രൂപരേഖ എം എൽ എ പ്രകാശനം ചെയ്തു.

യോഗത്തിൽ ബാങ്കുകളുടെ പ്രവര്‍ത്തനപുരോഗതി വിലയിരുത്തി. യോഗത്തില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പദ്ധതികള്‍ സാധാരണക്കാരിലേക്ക് വേഗത്തിലെത്തിക്കാന്‍ ബാങ്കുകള്‍ പരിശ്രമിക്കണമെന്ന് ജില്ലാ വികസന കമ്മീഷ്ണര്‍ നിര്‍ദ്ദേശിച്ചു.യോഗത്തില്‍ ജില്ലാ ലീഡ് ബാങ്ക് മാനേജര്‍ സി. സതീശ്, റിസര്‍വ് ബാങ്ക് എ.ജി.എം മുരളീ കൃഷ്ണ,, നബാര്‍ഡ് ഡി.ഡി.എം അശോക് കുമാര്‍ നായര്‍, മറ്റ് ബാങ്ക് പ്രതിനിധികള്‍, വിവധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.