വയനാട്:  ജീവിതശൈലീ രോഗനിയന്ത്രണ പരിപാടിയുടെ ഭാഗമായി ജില്ലയിലെ പോലിസ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ മേഖലകളില്‍ നിന്നുള്ള തിരഞ്ഞെടുക്കപ്പെട്ട 30 വീതം ഉദ്യോഗസ്ഥര്‍ക്കാണ് ആരോഗ്യകേരളം വയനാടും ആരോഗ്യവകുപ്പും സംയുക്തമായി പരിശീലനം നല്‍കുന്നത്. നാഷണല്‍ ടുബാക്കോ കണ്‍ട്രോള്‍ പ്രോഗ്രാമിന്റെ (എന്‍.ടി.സി.പി.) ഭാഗമായി പുകയില വര്‍ജ്ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഡെപ്യൂട്ടി ഡി.എം.ഒ ഡോ. ആന്‍സി മേരി ജേക്കബ്, മെന്റല്‍ ഹെല്‍ത്ത് ആന്റ് പോസിറ്റീവ് സൈക്കോളജി എന്ന വിഷയത്തില്‍ ജില്ലാ ആശുപത്രിയിലെ മാനസികാരോഗ്യ വിദഗ്ധ ഡോ. മെറിന്‍ പൗലോസ് എന്നിവര്‍ ക്ലാസെടുത്തു.

കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ക്കൊപ്പം വിശ്രമമില്ലാതെ ജോലി ചെയ്തു വരികയാണ് പോലീസ് ഉദ്യോഗസ്ഥര്‍. മാനസിക സമ്മര്‍ദ്ദം കൂടുന്നത് പലപ്പോഴും അവരുടെ ജോലിയെ ബാധിക്കുന്നതായി കണ്ടെത്തിയ സാഹചര്യത്തില്‍ സ്ട്രെസ് മാനേജ്മെന്റ് എന്ന വിഷയവും പരിശീലന പരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യകേരളം ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ഇന്‍ ചാര്‍ജ് ഡോ. ജി.ആര്‍ സന്തോഷ്‌കുമാറാണ് റിസോഴ്സ് പേഴ്സണ്‍. മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി മേഖലകളിലെ ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം ഇതിനകം പൂര്‍ത്തിയായി. ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍.രേണുക, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബി അഭിലാഷ്, എന്‍.സി.ഡി. നോഡല്‍ ഓഫിസര്‍ ഡോ. നൂന മര്‍ജ തുടങ്ങിയവര്‍ പങ്കെടുത്തു