വയനാട്: കോവിഡ് 19 കാരണം വിദ്യാലയങ്ങളില്‍ പോകാന്‍ കഴിയാതെ ഊരുകളില്‍ കഴിയുന്ന ഗോത്രവിഭാഗം കുട്ടികള്‍ക്ക് അവരുടെ ചങ്ങാതിമാരെ കാണാനും ആഹ്ലാദിക്കുവാനും അവസരമൊരുക്കി സമഗ്ര ശിക്ഷാ വയനാടിന്റെ നാട്ടരങ്ങ് പദ്ധതി സുല്‍ത്താന്‍ ബത്തേരി കല്ലിങ്കര ജി.യു.പി.എസില്‍ തുടങ്ങി.

ജില്ലയുടെ വിവിധ ഭാഗങ്ങളിലായി ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ നടക്കുന്ന നാട്ടരങ്ങ് പദ്ധതിയുടെ ജില്ലാതല ട്രൈഔട്ട് പ്രോഗ്രാമിനാണ് തുടക്കമായത്.
സ്‌കൂളില്‍ പോകാന്‍ കഴിയാതെ ഊരുകളില്‍ കഴിയുന്ന ഗോത്രവിഭാഗം കുട്ടികളുടെ മാനസിക പിരിമുറുക്കത്തെക്കുറിച്ച് എസ്.എസ്.കെ.യുടെ നേതൃത്വത്തില്‍ പഠനം നടത്തിയിരുന്നു. പഠനത്തിനും വിനോദത്തിനുമായി എസ്.എസ്.കെ.യുടെ നേതൃത്വത്തില്‍ ഒരുക്കിയ സ്പെഷ്യല്‍ ട്രെയ്നിംഗ് സെന്ററുകളിലും പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങളിലും ചേരാന്‍ അവസരം കിട്ടാത്ത കുട്ടികളെ കണ്ടെത്തിയാണ് നാട്ടരങ്ങ് സംഘടിപ്പിക്കുന്നത്.
ഗോത്രവിഭാഗം കുട്ടികളുടെ താളബോധം, കലാവിരുത്, നിര്‍മ്മാണ ക്ഷമത, അഭിനയശേഷി, തനത് കലകള്‍ എന്നിവയില്‍ പരിശീലനവും അവതരണത്തിനുള്ള അവസരവുമാണ് 5 ദിവസം നീണ്ട് നില്‍ക്കുന്ന ശില്‍പശാലയില്‍ നടക്കുന്നത്. സിനിമാ നിര്‍മാണ സാധ്യതകളും പരിചയപ്പെടുത്തുന്നു. മലപ്പുറം ജില്ലയിലെ അധ്യാപകരായ പി.ടി. മണികണ്ഠന്‍, പി.കൃഷ്ണന്‍, കെ.മനോജ്കുമാര്‍ എന്നിവര്‍ ശില്‍പശാലയ്ക്ക് നേതൃത്വം കൊടുക്കുന്നു. വ്യത്യസ്ത ഗോത്രവിഭാഗങ്ങളിലെ 6 മുതല്‍ 9 വരെ ക്ലാസില്‍ പഠിക്കുന്ന 40 കുട്ടികളാണ് പങ്കെടുക്കുന്നത്.

നാട്ടരങ്ങിന്റെ ജില്ലാതല ഉദ്ഘാടനം വയനാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംസാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയല്‍ അധ്യക്ഷത വഹിച്ചു. ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ്.എസ്.കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഒ. പ്രമോദ് പദ്ധതി വിശദീകരിച്ചു. ജില്ലാ ഡിവിഷന്‍ മെമ്പര്‍ സീതാ വിജയന്‍, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ എടക്കന്‍ മോഹനന്‍, ഡി.ഇ.ഒ ഉഷാദേവി, നെന്മേനി ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ വി.ടി. ബേബി, വിനോദിനി രാധാകൃഷ്ണന്‍, ഹയര്‍സെക്കണ്ടറി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. പ്രസന്ന, വി.എച്ച്.എസ്.ഇ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.വി. നാസര്‍, എസ്.എസ്.കെ വയനാട് ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ എം.അബ്ദുല്‍ അസീസ് , ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ടി. രാജന്‍ തുടങ്ങിയവര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.