വാഗ്ഭടാനന്ദൻ്റെ സ്മരണയ്ക്കായി ടൂറിസം വകുപ്പ് നാദാപുരം റോഡിൽ നിർമ്മിച്ച വാഗ്ഭടാനന്ദ പാർക്ക് ടൂറിസം – ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ നാടിന് സമർപ്പിച്ചു

മലബാറിൻ്റെ ടൂറിസം മേഖലയുടെ വികസനത്തിനായി 600 കോടി രൂപ യുടെ പദ്ധതികളാണ് നടപ്പിലാക്കി വരുന്നതെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

നാദാപുരം റോഡ് വാഗ്ഭടാനന്ദ പാർക്ക് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
കഴിഞ്ഞ 50 വർഷമായി ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായികളുമായി ചർച്ച നടത്തിയതിന് ശേഷം ടൂറിസം വികസന സാധ്യത മനസിലാക്കി സർക്കാർ ഒരു വിനോദ സഞ്ചാരനയം രൂപീകരിക്കുകയാണ് ചെയ്തത്.
ലോകത്തുള്ള വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള തരത്തിലാണ് മലബാർ റിവർ ടൂറിസം പദ്ധതി ആവിഷ്ക്കരിച്ചിരിക്കുന്നത് .മലബാറിൻ്റെ പ്രകൃതി സൗന്ദര്യവും തനത് കലകളും ഭക്ഷണവും എല്ലാം ലോക ശ്രദ്ധയിൽ എത്തിക്കുകയാണ് ലക്ഷ്യം. മുമ്പ് തിരുവനന്തപുരം മുതൽ കൊച്ചി വരെയായിരുന്നു വിനോദ സഞ്ചാരികളുടെ പ്രധാന കേന്ദ്രങ്ങൾ നിലവിൽ വിനോദ സഞ്ചാരികൾ 14 ജില്ലകളും സഞ്ചരിക്കുന്ന അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്.
4 മിഷനിലൂടെ സർക്കാർ സർവതല സ്പർശമായ വികസനമാണ് നടത്തുന്നത്.കോവിഡ് കാലം ഏറ്റവും കൂടുതൽ ബാധിച്ച മേഖലയാണ് ടൂറിസം മേഖല.ഈ പ്രതിസന്ധികളെ അവസരമാക്കി മാറ്റാനാണ് ടൂറിസം വകുപ്പ് ശ്രമം നടത്തുന്നത്. നാട്ടിലെ മുഴുവൻ പ്രദേശങ്ങളയും ഇത്തരത്തിൽ മാറ്റാൻ കഴിയണമെന്നും മന്ത്രി പറഞ്ഞു.

നാദാപുരം റോഡ് മുതൽ റെയിൽവെ സ്റ്റേഷൻ വരെ യുള്ള 320 മീറ്റർ റോഡിൻ്റെ ഇരുവശവുമാണ് മനോഹരമാക്കി മാറ്റിയത്.
2.80 കോടി രൂപ ചെലവിലാണ്. പദ്ധതി നടപ്പാക്കിയത്. കുട്ടികളുടെ പാർക്ക്, ജിംനേഷ്യം, ഇരിപ്പിടങ്ങൾ ,ഷട്ടിൽ ബാറ്റിൽമെൻ്റ് കോർട്ടുകൾ ,തുടങ്ങിയവയെല്ലാം പാർക്കിൻ്റെ ഭാഗമാണ്.

സികെ നാണു എം.എൽ.എ അധ്യക്ഷത വഹിച്ചു.
വടകര ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് കെ.പി. ഗിരിജ, ഒഞ്ചിയം പഞ്ചായത്തു പ്രസിഡന്റ് പി. ശ്രീജിത്ത്, ജില്ലാപ്പഞ്ചായത്ത് അംഗം എൻ.എം. വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം ശശികല ദിനേശൻ, വാർഡ് മെമ്പർ ബിന്ദു വള്ളിൽ, ടൂറിസം ഡയറക്റ്റർ പി. ബാലകിരൺ, ടൂറിസം മേഖലാ ജോയിന്റ് ഡയറക്റ്റർ അനിതകുമാരി സി.എൻ., ഡിറ്റിപിസി സെക്രട്ടറി ബീന സി.പി., മെംബർ പി.കെ. ദിവാകരൻ മാസ്റ്റർ, യു.എൽ.സി.സി.എസ്. ചെയർമാൻ രമേശൻ പാലേരി തുടങ്ങിയവർ സംസാരിച്ചു.