മലപ്പുറം:   പട്ടികവര്‍ഗ സങ്കേതങ്ങളിലുള്ള രോഗികള്‍ക്കും മറ്റു ദുരിതം അനുഭവിക്കുന്നവര്‍ക്കും വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ധനസഹായം അനുവദിക്കുന്ന പദ്ധതിയാണിത്. ഇതുപ്രകാരം ഗുണഭോക്താവിന്റെ കുടുംബവാര്‍ഷിക വരുമാനം 1,00,000 രൂപയില്‍ താഴെ ആയിരിക്കണം. ക്യാന്‍സര്‍, വൃക്കരോഗം തുടങ്ങിയ മാരകരോഗങ്ങളുടെ ചികിത്സയ്ക്കും ഹൃദയശസ്ത്രക്രിയയ്ക്കും ഒരു ലക്ഷം രൂപ വരെയും മറ്റു രോഗങ്ങള്‍ക്ക് രോഗത്തിന്റെ തീവ്രത പരിഗണിച്ച് 50,000 രൂപ വരെയും ധനസഹായം അനുവദിക്കും. അസുഖങ്ങള്‍മൂലം കഷ്ടപ്പെടുന്ന

പട്ടികവര്‍ഗക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ഡോക്ടറുടെ ശുപാര്‍ശ പ്രകാരം ധനസഹായം നല്‍കും. പ്രകൃതിക്ഷോഭം, തീപിടുത്തങ്ങള്‍ മുതലായവ മൂലം ദുരിതമനുഭവിക്കുന്ന പട്ടികവര്‍ഗക്കാര്‍ക്ക് 50,000 രൂപ വീതം നിബന്ധനകള്‍ക്ക് വിധേയമായി നല്‍കിവരുന്നു. മെഡിക്കല്‍ ക്യാമ്പുകള്‍ നടത്താനുള്ള സാമ്പത്തിക സഹായം, രോഗിയെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കുക, ഡോക്ടറുടെ നിര്‍ദേശപ്രകാരം പോഷകമൂല്യമുള്ള ആഹാരം നല്‍കുക, ആശുപത്രികളില്‍ ലഭ്യമല്ലാത്ത മരുന്നുകള്‍ ലഭ്യമാക്കുക, പോസ്റ്റ്മാര്‍ട്ടത്തിന് ആവശ്യമായ ചെലവുകള്‍, അത്യാഹിതങ്ങളും അപകടങ്ങളും കൈകാര്യം ചെയ്യാനുള്ള സഹായനിധി തുടങ്ങിയവയും പട്ടിക വര്‍ഗ ആശ്വാസനിധിയില്‍ ഉള്‍പ്പെടും.

ബന്ധപ്പെട്ട ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറുടെ ശുപാര്‍ശ സഹിതമാണ് അപേക്ഷിക്കേണ്ടത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സിച്ചതിന്റെ രേഖ (ഒപി ചീട്ടിന്റെ പകര്‍പ്പ്), മരുന്ന്, ടെസ്റ്റുകള്‍ എന്നിവയുടെ ഒറിജിനല്‍ ബില്ല്, വാഹനവാടകയ്ക്കായി ബന്ധപ്പെട്ട വാഹനത്തിന്റെ ട്രിപ്പ്ഷീറ്റ് (ആശുപത്രിയില്‍ നിന്നും ധനസഹായം ലഭിച്ചിട്ടില്ല എന്ന സാക്ഷ്യപത്രം സഹിതം), അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെട്ട ഏതെങ്കിലും ദേശസാല്‍കൃത ബാങ്കിന്റെ പാസ്ബുക് പകര്‍പ്പ് എന്നിവ ഹാജരാക്കണം.

കുടുംബത്തിന്റെ ഏക വരുമാനദായകനായ വ്യക്തി രോഗം മൂലമോ അപകടം മൂലമോ മരണപ്പെട്ടാല്‍ നിബന്ധനകള്‍ക്ക് വിധേയമായി 2,00,000 രൂപ വരെ ഈ പദ്ധതിയില്‍ അനുവദിക്കും. മരണപ്പെട്ട വ്യക്തി കുടുംബത്തിലെ ഏക വരുമാന ദായകനാണെന്ന് സാക്ഷ്യപ്പെടുത്തുന്ന തഹസില്‍ദാരുടെ റിപ്പോര്‍ട്ട്, അപേക്ഷകന്റെ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ് എന്നിവ അപേക്ഷയോടൊപ്പം ഹാജരാക്കണം.