കാസര്‍ഗോഡ്:  കുട്ടികളുടേയും സ്ത്രീകളുടേയും ഇടയില്‍ പോഷണക്കുറവ്, വിളര്‍ച്ച, തൂക്കക്കുറവ്, വളര്‍ച്ചാ മുരടിപ്പ് എന്നിവ തടയാന്‍ സമ്പുഷ്ട കേരളം പദ്ധതിയുടെ ഭാഗമായി ന്യൂട്രീഷന്‍ ആന്റ് പാരന്റിങ് ക്ലിനിക് തുടങ്ങി. വനിതാശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ കേന്ദ്രത്തിന്റെ സേവനം ആഴ്ചയില്‍ രണ്ട് ദിവസം ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും ലഭിക്കും.

വിവിധ വകുപ്പുകളുടെ പങ്കാളിത്തത്തോടെ അങ്കണവാടികളിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ന്യൂട്രീഷന്‍ ക്ലിനിക്കുകളുടെ സംസ്ഥാനതല പ്രവര്‍ത്തന ഉദ്ഘാടനവും ബോധവത്ക്കരണ ലഘുലേഖകളുടെ പ്രകാശനവും വനിതാശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വ്വഹിച്ചു. സാമൂഹ്യ നീതി, വനിതാ ശിശു വികസന സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷനായി.

യുനിസെഫ് കമ്മ്യൂണിക്കേഷന്‍ സ്പെഷ്യലിസ്റ്റ് ഡോ. സുഗത റോയ്, പി.എച്ച്.എഫ്.ഐ റിസര്‍ച്ച് അസ്സോസിയേറ്റ് ഡോ. ദീപിക ബാല്‍, സ്റ്റേറ്റ് ന്യൂട്രീഷന്‍ ഓഫീസര്‍ ഡോ. ശ്രീലത, വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ടി.വി അനുപമ ഐ.എസ് സ്വാഗതവും വനിതാ ശിശു വികസന വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ് നന്ദിയും പറഞ്ഞു.ഇതോടനുബന്ധിച്ച് ജില്ലയിലെ ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും ഉദ്ഘാടന പരിപാടികള്‍ നടന്നു.