പത്തനംതിട്ട‍:ചെറുകോല്പ്പുഴ-മണിയാര്‍ റോഡിന്റെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ജനുവരിയില്‍ അനുമതിക്കായി സമര്‍പ്പിക്കുമെന്ന് രാജു ഏബ്രഹാം എംഎല്‍എ അറിയിച്ചു. പ്രോജക്ട് റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ നേരില്‍ കാണാന്‍ തിരുവനന്തപുരത്തു നിന്നും പൊതുമരാമത്ത് പ്രൊജക്റ്റ് പ്രിപ്പറേഷന്‍ യൂണിറ്റ് (പി.പി.യു) ഉദ്യോഗസ്ഥര്‍ സന്ദര്‍ശനം നടത്തി. ചെറുകോല്‍പ്പുഴ മുതല്‍ മണിയാര്‍ വരെയുള്ള 40 കിലോമീറ്റര്‍ ദൂരത്തില്‍ പരിശോധനകള്‍ നടത്തി.

ചെറുകോല്‍പ്പുഴ-റാന്നി, കല്യാണി മുക്ക്-അലിമുക്ക്, ജണ്ടാ – അത്തിക്കയം, തോണിക്കടവ്-കൂനംകര, പുതുക്കട-കണ്ണന്നുമണ്‍-മീത്തുംമൂഴി, മീത്തുംമൂഴി-മാമ്പാറ-മണിയാര്‍ എന്നീ റോഡുകളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുന്നത്. ഉദ്ദേശം 150 കോടി രൂപയാണ് ചിലവ് പ്രതീക്ഷിക്കുന്നത്. ചെറുകോല്‍പ്പുഴ മുതല്‍ റാന്നി വലിയപള്ളി വരെയുള്ള ഭാഗം റോഡ് വീതി കൂട്ടുന്നതിനായി നാട്ടുകാര്‍ സൗജന്യമായി ഭൂമി വിട്ടു നല്‍കിയിട്ടുണ്ട്. ബാക്കിയുള്ള റോഡുകള്‍ 12 മീറ്റര്‍ ആയി ഉയര്‍ത്താന്‍ ലഭ്യമാക്കേണ്ടതുണ്ട്. 40 കിലോമീറ്റര്‍ ദൂരം ഉള്ളതിനാലാണ് വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് തയാറാക്കാന്‍ വൈകുന്നത്.ചെറിയ പാലങ്ങളും കലുങ്കുകളുമെല്ലാം 11 മീറ്റര്‍ വീതിയില്‍ വര്‍ധിപ്പിക്കും. പ്രോജക്ടിന് ഫെബ്രുവരിയില്‍ അംഗീകാരം ലഭിക്കുകയും തുടര്‍ന്ന് ടെന്‍ഡര്‍ നടപടിയിലേക്ക് പോകാനാണ് ഉദ്ദേശിക്കുന്നത്.
രാജു എബ്രഹാം എംഎല്‍എയോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ വി. പ്രസാദ്, പഞ്ചായത്ത് അംഗം സുധി, പൊതുമരാമത്ത് ഉദ്യോഗസ്ഥരായ ജെറിന്‍, അരുണ്‍ എന്നിവരും പിപിയു ഉദ്യോഗസ്ഥരും പരിശോധനയില്‍ പങ്കെടുത്തു.