ആലപ്പുഴ : വിദ്യാലയങ്ങളിലെ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി “കരുതാം വിദ്യാലയങ്ങളെ ‘ ക്യാമ്പയിനുമായി ജില്ല ഭരണകൂടം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വീണ്ടും പ്രവർത്തനമാരംഭിച്ച സാഹചര്യത്തിൽ അവിടെ നിന്നുള്ള ഉള്ള കോവിഡ് രോഗ വ്യാപനം പ്രതിരോധിക്കുന്നതിനാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. കോവിഡ് പ്രതിരോധ പ്രവർത്തങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ല ഭരണകൂടം നടപ്പിലാക്കുന്ന ‘കരുതാം ആലപ്പുഴയെ’ ക്യാമ്പയിനിന്റെ ഭാഗമായാണിത്.

വിദ്യാർത്ഥികളിൽ കോവിഡ് പ്രതിരോധത്തിനെ കുറിച്ച് അവബോധം സൃഷ്ടിക്കുക, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പ് വരുത്തുക എന്നിവ ലക്ഷ്യമാക്കിയാണ് പദ്ധതി രൂപീകരിച്ചിരിക്കുന്നത്.

വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ്, എൻ സി സി, എൻ എസ് എസ്, വോളിന്റിയർമാരുടെ പങ്കാളിത്തത്തോട് കൂടിയാണ് ക്യാമ്പയിൻ നടപ്പിലാക്കുന്നത്. കോളേജുകളിൽ എൻസിസി, എൻഎസ്എസ്, തുടങ്ങിയ സംഘടനകളോടൊപ്പം സാമൂഹിക സന്നദ്ധ സേനയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർത്ഥികളും ക്യാമ്പയിനിന്റെ ഭാഗമാകും.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രധാനാദ്ധ്യാപകർ തങ്ങളുടെ വിദ്യാലയങ്ങളിൽ എല്ലാ നിർദ്ദേശങ്ങളും പാലിക്കുന്നുണ്ടെന്നും കോവിഡ് പ്രോട്ടോകോൾ പിന്തുടരുന്നുണ്ടെന്നും ഉറപ്പുവരുത്തണം.

ക്യാമ്പയിന്റെ സബ് കലക്ടർ നേതൃത്വം നൽകുന്ന ജില്ലാ ഭരണകൂടത്തിൻറെ ഭാഗമായുള്ള സ്റ്റാർ സന്നദ്ധസേവകർ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിക്കുകയും, കോവിഡ് പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദ്ദേശങ്ങളും, ബോധവൽക്കരണങ്ങളും, ജില്ല ഭരണകൂടത്തിൽ നിന്നുള്ള നിർദ്ദേശങ്ങളും നൽകുകയും ചെയ്യും.