എറണാകുളം: സ്വന്തം കിടപ്പാടമെന്ന സാധാരണക്കാരൻ്റെ സ്വപ്നത്തിന് സർക്കാർ കൂടെ നിന്നപ്പോൾ ജില്ലയിൽ വിതരണം ചെയ്തത് 4939 പട്ടയങ്ങൾ. സ്വന്തമായി ഭൂമിയില്ലാത്ത 463 കുടുംബങ്ങൾക്കു കൂടി പട്ടയം നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലാ ഭരണകൂടം.

പട്ടയം ലഭിക്കുന്നതിനായി നിരവധി അപേക്ഷകളാണ് റവന്യൂ വകുപ്പിൽ ലഭിച്ചത്. ഇതു കൂടാതെ അദാലത്തുകൾ വഴിയും പുതിയ അപേക്ഷകൾ സ്വീകരിച്ചു. ഓരോ അപേക്ഷയും വില്ലേജ് തലത്തിൽ അന്വേഷണം നടത്തിയാണ് പട്ടയം നൽകുന്നതിനുള്ള തീരുമാനമെടുത്തത്.

താലൂക്കുകളിൽ തഹസിൽദാർമാരും തൃപ്പൂണിത്തുറ ലാൻഡ് ട്രൈബ്യൂണലിലെ സ്പെഷ്യൽ തഹസിൽദാർമാരുടെയും നേതൃത്വത്തിലാണ് വിതരണം പൂർത്തിയാക്കിയത്.

18 വിഭാഗങ്ങളിൽ ഉൾപ്പെട്ട പട്ടയങ്ങളാണ് വിതരണം ചെയ്തത്. റോഡ്, തോട്, പുഴ, കായൽ, കനാൽ പുറമ്പോക്കുകൾ എന്നീ വിഭാഗങ്ങളിലുള്ള ഭൂമിയുടെ അപേക്ഷകൾ നിയമം അനുവദിക്കാത്തതിനാൽ നിരസിച്ചു.

റവന്യൂ പുറമ്പോക്ക് അല്ലാതെ തദ്ദേശ സ്ഥാപനങ്ങളിൽ നിക്ഷിപ്തമായിരിക്കുന്ന ഭൂമി പതിച്ചു നൽകാനും വകുപ്പിന് അധികാരമില്ല. ഇക്കാരണത്താലും അപേക്ഷകൾ ഒഴിവാക്കേണ്ടി വന്നു.

എട്ട് പട്ടയമേളകൾ നടത്തിയാണ് ജില്ലയിൽ 4938 പട്ടയങ്ങളുടെ വിതരണം പൂർത്തിയാക്കിയത്. എൽ. ടി പട്ടയങ്ങളാണ് ഏറ്റവും കൂടുതൽ വിതരണം ചെയ്തത്. 2508 എൽ ടി പട്ടയങ്ങൾ ജില്ലയിൽ നൽകി. പതിനൊന്ന് കോളനി പട്ടയങ്ങളും എട്ട് ലക്ഷം വീട് പട്ടയങ്ങളും മൂന്ന് മിച്ചഭൂമി പട്ടയങ്ങളും കൈമാറിയിട്ടുണ്ട്. എൽ.എ. പട്ടയം (1327), ദേവസ്വം പട്ടയം (675), കാണം സെറ്റിൽമെൻ്റ് പട്ടയം (73) , വനഭൂമി പട്ടയം (ഒന്ന്) , ആദിവാസി പട്ടയം (97), വനാവകാശ രേഖ (94), കൈവശ രേഖ (83), ഇനാം പട്ടയം (55) , ദൂരഹിതരില്ലാത്ത കേരളം പദ്ധതി (3) എന്നീ പട്ടയങ്ങളാണ് ഇതുവരെ വിതരണം നടത്തിയത്.

463 പട്ടയങ്ങൾ വിതരണം ചെയ്യാനായി ഒരുങ്ങുകയാണ്. മുവാറ്റുപുഴ താലൂക്കിൽ 15 പട്ടയങ്ങളും, കുന്നത്തുനാട്ടിൽ പത്തും, പറവൂരിൽ ഏഴും, കോതമംഗലത്ത് 250 ഉം , ആലുവയിൽ അഞ്ചും, കണയന്നൂരിൽ ആറും പട്ടയങ്ങൾ വിതരണത്തിനായി തയാറാകുന്നുണ്ട്. കൂടാതെ ദേവസ്വം വിഭാഗത്തിൽ 50 പട്ടയങ്ങളും എൽ.ടി.വി ഭാഗത്തിൽ 120 പട്ടയങ്ങളും വിതരണത്തിനായി ഒരുങ്ങുന്നുണ്ട്.