പാലക്കാട്: പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പാലക്കാട് ഗവ. മെഡിക്കല്‍ കോളേജിലെ ഒ.പി ബ്ലോക്ക് നിര്‍മാണം അന്തിമഘട്ടത്തില്‍. മെഡിക്കല്‍ കോളേജില്‍ നിര്‍മാണം പുരോഗമിക്കുന്ന മൂന്ന് ബ്ലോക്കുകളിലെ സെന്‍ട്രല്‍ ബ്ലോക്കിലാണ് ഒ.പി സൗകര്യമൊരുക്കുന്നത്. കെട്ടിടത്തിലെ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്‌സ് പ്രവൃത്തികള്‍ ഒഴികെയുള്ള 90 ശതമാനം പ്രവൃത്തികളും പൂര്‍ത്തിയായി. ഉദ്ഘാടനം തീരുമാനിച്ചിരിക്കുന്ന ജനുവരി 20 ന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കും. രണ്ടു ലക്ഷം ചതുരശ്ര അടിയില്‍ ആറുനില വീതമുള്ള മൂന്ന് കെട്ടിടങ്ങള്‍ അടങ്ങുന്നതാണ് ഒ.പി ബ്ലോക്ക്.  പീഡിയാട്രിക്, ഗൈനക്കോളജി, സര്‍ജറി, ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഒ.പി ആദ്യഘട്ടം ആരംഭിക്കും. കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിനനുസരിച്ചു ഒ.പി യുടെ എണ്ണം വര്‍ധിപ്പിക്കും.

മെഡിക്കല്‍ കോളേജിലെ മൂന്ന് ബ്ലോക്കുകളുടെ നിര്‍മ്മാണ പ്രവൃത്തികള്‍ക്കായി 297 കോടി രൂപയ്ക്കാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇതില്‍ 152 കോടിയുടെ പ്രവൃത്തികള്‍ ചെയ്തുകഴിഞ്ഞു. ആറ് നിലകളുള്ള കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്‌ളോറും ഒന്നും രണ്ടും നിലകളുമാണ് ഒ.പി.ക്കായി ഉപയോഗപ്പെടുത്തുക.  ഒ.പി.യില്‍ പരിശോധനയ്ക്ക് എത്തുന്ന രോഗികളില്‍ കിടത്തി ചികിത്സ ആവശ്യമുള്ളവരെ ജില്ലാ ആശുപത്രിയിലേക്ക് നിര്‍ദേശിക്കും. മാര്‍ച്ചില്‍ മറ്റു രണ്ട് ബ്ലോക്കുകളുടെ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ക്ലിനിക്കല്‍ ഒ പി ആരംഭിക്കും.  ക്ലിനിക്കല്‍ ഒ പി ആരംഭിച്ചാല്‍ കിടത്തി ചികിത്സിയ്ക്ക് സൗകര്യമൊരുങ്ങും. കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ അക്കാദമിക് ബ്ലോക്ക്, മെയിന്‍ ബ്ലോക്ക്, ഹോസ്റ്റലുകള്‍, ഭൂഗര്‍ഭ  ജലസംഭരണി, ഇലക്ട്രിക്കല്‍, ഫയര്‍, ലിഫ്റ്റ്, ചുറ്റുമതില്‍, ഹോസ്പിറ്റല്‍ ബ്ലോക്ക് ഉള്‍പ്പെടെ നിലവില്‍ 239 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ആകെ 559 കോടിയുടെ മാസ്റ്റര്‍പ്ലാനാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി തയ്യാറാക്കിയിരിക്കുന്നത്.