കോട്ടയം :കോവിഡ് വാക്‌സിനേഷനു മുന്നോടിയായി കോട്ടയം ജില്ലയില്‍ ഡ്രൈ റണ്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. കോട്ടയം ജനറല്‍ ആശുപത്രി, ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രം, ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവ മെഡിസിറ്റി എന്നിവിടങ്ങളിലാണ് കുത്തിവയ്പ്പ് ഒഴികെയുള്ള നടപടിക്രമങ്ങള്‍ ആവിഷ്‌കരിച്ചത്. മൂന്നു കേന്ദ്രങ്ങളിലും ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 25 പേര്‍ വീതം സ്വീകര്‍ത്താക്കളായി പങ്കെടുത്തു.

കോട്ടയം ജനറല്‍ ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് നിര്‍മല ജിമ്മിയുടെയും ജില്ലാ കളക്ടര്‍ എം. അഞ്ജനയുടെയും സാന്നിധ്യത്തിലാണ് ഡ്രൈ റണ്‍ ആരംഭിച്ചത്. കോവിന്‍ സോഫ്റ്റ് വെയറില്‍ രജിസ്റ്റര്‍ ചെയ്ത് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവരുടെ വ്യക്തിവിവരങ്ങള്‍ സ്ഥിരീകരിക്കുന്നതുമുതല്‍ വാക്‌സിന്‍ സ്വീകരിച്ച് അരമണിക്കൂര്‍ നിരീക്ഷണത്തിനുശേഷം മടങ്ങുന്നതു വരെയുള്ള ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.

വാക്‌സിന്‍ സ്വീകരിക്കുന്നവരില്‍ ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്ത് വിദഗ്ധ ചികിത്സക്കായി ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണവും പരീക്ഷിച്ച് കാര്യക്ഷമത ഉറപ്പാക്കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം നടപടികള്‍ അവലോകനം ചെയ്തു. ഡ്രൈ റണ്‍ പൂര്‍ണ വിജയമാണെന്നും വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്ക്ക് കുത്തിവയ്പ്പ് നടത്തുന്നതിന് ജില്ല സജ്ജമാണെന്നും കളക്ടര്‍ പറഞ്ഞു.

ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ബിന്ദുകുമാരി, അര്‍.സി.എച്ച് ഓഫീസര്‍ ഡോ. സി.ജെ. സിതാര, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ഡോമി ജോണ്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ. ലിന്‍റെ ലാസര്‍, ബി.ശ്രീലേഖ തുടങ്ങിയവര്‍ കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡ്രൈ റണ്‍ നടപടികള്‍ ഏകോപിപ്പിച്ചു.

ഇടയിരിക്കപ്പുഴ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി, കങ്ങഴ ഗ്രാമപഞ്ചായത്ത് അംഗം വത്സലകുമാരി കുഞ്ഞമ്മ എന്നിവര്‍ സന്നിഹിതിരായിരുന്നു. മെഡിക്കല്‍ ഓഫീസര്‍ ഡോ. ജോസഫ് ആന്റണി, നോഡല്‍ ഓഫീസര്‍ ഡോ. അനീഷ് വര്‍ക്കി എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.

ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെ‍ഡിസിറ്റിയില്‍ എ.ഡി.എം അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി ഡി.എം.ഒ പി.എന്‍. വിദ്യാധരന്‍, ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ സി.ജെ. ജെയിംസ്, ആശുപത്രി ഡയറക്ടര്‍ ഫാ. ഏബ്രഹാം കൊല്ലിത്താനത്ത് മലയില്‍, മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ജെയ്‌സി എം., ഡോ. വിനീത തുടങ്ങിയവര്‍ നേതൃത്വം നല്‍കി.