സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2019-ലെ കേരള ശാസ്ത്ര സാഹിത്യ അവാർഡുകൾ പ്രഖ്യാപിച്ചു. മലയാള സാഹിത്യത്തിലൂടെ ശാസ്ത്രവിഷയങ്ങളെ ജനകീയവത്കരിക്കുന്നതിൽ ഗണ്യമായ സംഭാവനകൾ നൽകിയ വ്യക്തികൾക്കാണ് പുരസ്‌കാരം നൽകുന്നത്. ബാലശാസ്ത്ര സാഹിത്യം, ജനപ്രിയ ശാസ്ത്ര സാഹിത്യം, ഗഹനമായ വൈജ്ഞാനിക ശാസ്ത്രം, ശാസ്ത്ര പത്രപ്രവർത്തനം, ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനം എന്നീ വിഭാഗങ്ങളിലെ കൃതികളാണ് അവാർഡിന് അർഹമായത്.
50,000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
ബാല ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ. ആർ. പ്രസന്നകുമാറിന്റെ ‘ഹൈഡ്രജനും പറയാനുണ്ട്’ എന്ന പുസ്തകം അർഹമായി. ഡയറ്റിൽ നിന്നും പ്രിൻസിപ്പലായി വിരമിച്ച ഇദ്ദേഹം കൊല്ലം പരവൂർ സ്വദേശിയാണ്.
ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്‌കാരത്തിന് ഡോ. വി പ്രസന്നകുമാറിന്റെ ‘പ്രകൃതിക്ഷോഭങ്ങളും കേരളവും’ എന്ന പുസ്തകം അർഹമായി. കേരള സർവകലാശാല ഭൂവിജ്ഞാനീയ വകുപ്പിലെ പ്രൊഫസറായിരുന്നു തിരുവനന്തപുരം സ്വദേശിയായ ഇദ്ദേഹം.
മാത്യൂസ് ഗ്ലോറി, സീമ ശ്രീലയം എന്നിവർ ചേർന്നു രചിച്ച ‘ജനിതകശാസ്ത്രം’ എന്ന പുസ്തകത്തിനാണ് ഗഹനമായ വൈജ്ഞാനിക ശാസ്ത്ര സാഹിത്യത്തിനുള്ള അവാർഡ്. എസ് ബി കോളേജ് സസ്യ ശാസ്ത്ര വിഭാഗം അധ്യാപകനായിരുന്ന മാത്യൂസ് ഗ്ലോറി കോട്ടയം വാഴൂർ സ്വദേശിയാണ്. കോഴിക്കോട് പറമ്പിൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയായ സീമ ശ്രീലയം കാരപ്പറമ്പ് സ്വദേശിനിയാണ്.
ശാസ്ത്ര പത്ര പ്രവർത്തനത്തിനുള്ള 2019ലെ പുരസ്‌കാരം അശ്വിൻ എസ്, ഡോ. അനിൽകുമാർ വടവാതൂർ എന്നിവർ പങ്കിട്ടു.
മലയാള മനോരമയിൽ പ്രസിദ്ധീകരിച്ച ശാസ്ത്ര ലേഖനങ്ങളാണ് അശ്വിനെ അവാർഡിന് അർഹനാക്കിയത്. മലയാള മനോരമയിൽ സബ് എഡിറ്ററായ അശ്വിൻ എസ് കൊല്ലം വലിയകുളങ്ങര സ്വദേശിയാണ്. ജൻമഭൂമി വാരാന്ത്യത്തിൽ പ്രസിദ്ധീകരിച്ച ലേഖനങ്ങൾക്കാണ് കോട്ടയം ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ്സ് കമ്മ്യൂണിക്കേഷൻ റീജിയണൽ ഡയറക്ടറായ ഡോ. അനിൽകുമാർ വടവാതൂർ അവാർഡിന് അർഹനായത്.
ശാസ്ത്ര ഗ്രന്ഥത്തിന്റെ മലയാള വിവർത്തനത്തിനുള്ള അവാർഡിന് എറണാകുളം തൃപ്പുണിത്തറ സ്വദേശിനിയായ പ്രസന്ന കെ. വർമ്മ അർഹയായി. ഹോമോ ദിയൂസ് മനുഷ്യ ഭാവിയുടെ ഒരു ഹ്രസ്വ ചിത്രം എന്ന പുസ്തകത്തിനാണ് അവാർഡ്. യുവാൽ നോവ ഹറാരിയുടെ ‘ഹോമോ ദിയൂസ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ’ എന്ന പുസ്തകത്തിന്റെ വിവർത്തനമാണ്. പ്രൊഫ. സി.പി. അരവിന്ദാക്ഷൻ അധ്യക്ഷനായ അവാർഡ് നിർണയ സമിതിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.