തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ ഹരിത ഓഡിറ്റ് നടത്തി ഗ്രീന്‍ സര്‍ട്ടിഫിക്കേഷനും ഗ്രേഡിംഗും നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരി 11ന് തുടക്കമാകും. മേയര്‍ ആര്യ രാജേന്ദ്രന്‍, പഞ്ചായത്ത് ഡയറക്ടറുടെ ഓഫീസില്‍ ഹരിത ഓഡിറ്റ് നടത്തിക്കൊണ്ട് സംസ്ഥാനതല സര്‍ക്കാര്‍ ഓഫീസുകളുടെ ആദ്യഘട്ട ഹരിത ഓഡിറ്റ് പരിശോധനയ്ക്ക് തുടക്കം കുറിക്കും. 1,300 സര്‍ക്കാര്‍ ഓഫീസുകള്‍ ഓഡിറ്റ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നതെന്നു ഹരിത കേരളം മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡി.ഹുമയൂണ്‍ പറഞ്ഞു.ജനുവരി 26ന് മുഖ്യമന്ത്രി നടത്തുന്ന സംസ്ഥാനതല പ്രഖ്യാപനത്തോടെ ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ സാക്ഷ്യപത്രത്തിന്റെ വിതരണം ജില്ലയില്‍ നടത്തും.
മാലിന്യത്തിന്റെ തോത് കുറയ്ക്കുക,ജൈവ-അജൈവ മാലിന്യം തരംതിരിച്ച് സംസ്‌കരിക്കുക,ഡിസ്പോസിബിള്‍-നിരോധിത പ്ലാസ്റ്റിക് എന്നിവയുടെ ഉപയോഗം ഇല്ലാതാക്കുക,പുനരുപയോഗം/പുനചംക്രമണം സാധ്യമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ഹരിത ചട്ട പ്രവര്‍ത്തനങ്ങള്‍ പൊതുജനങ്ങള്‍ കൂടുതല്‍ സമ്പര്‍ക്കം നടത്തുന്ന സര്‍ക്കാര്‍ ഓഫീസുകളില്‍ നടപ്പാക്കി മാതൃക സൃഷ്ടിക്കുക എന്നതാണ് ഹരിത ഓഡിറ്റിലൂടെ ഹരിത ഓഫീസ് ആക്കുന്നത് വഴി ലക്ഷ്യമിടുന്നത്. ജനുവരി 11ന് തുടങ്ങി ജനുവരി 20ന് പൂര്‍ത്തീകരിക്കുന്ന രീതിയിലുള്ള കര്‍മപരിപാടിയാണ് ഇതിന്റെ ഭാഗമായി തയാറാക്കിയിരിക്കുന്നത്. ജില്ലാ/താലൂക്ക്തല സര്‍ക്കാര്‍ ഓഫീസുകള്‍,തദ്ദേശഭരണസ്ഥാപന തല ഓഫീസുകള്‍ എന്നിവയുടെ ഹരിത ഓഡിറ്റ് പരിശോധന ജനുവരി 12ന് ആരംഭിക്കും. അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ്‌കുമാര്‍ ആദ്യ ഹരിത ഓഡിറ്റ് നടത്തും.