സംസ്ഥാനത്തെ റേഷന്‍ കടകളില്‍ ഇ പോസ് മെഷീന്‍ സ്ഥാപിക്കുന്നത്  ഏപ്രില്‍ 30 ഓടെ പൂര്‍ണമാവും. വയനാട്, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ഈ മാസം മെഷീന്‍ സ്ഥാപിച്ച് റേഷന്‍ വിതരണം തുടങ്ങുന്നതോടെയാണിത്. മെഷീനുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്. ഇവ കമ്പ്യൂട്ടര്‍ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതുള്‍പ്പെടെയുള്ള പ്രവൃത്തികള്‍ നടക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ 14,435 റേഷന്‍ കടകളിലും ഇ പോസ് മെഷീനുകളാവും.
ഇ പോസ് മെഷീന്‍ ഉപയോഗിച്ച് റേഷന്‍ വിതരണം ആരംഭിച്ചതോടെ ഉപഭോക്താക്കളുടെ പരാതികള്‍ക്ക് അറുതിയായിട്ടുണ്ട്. ഓരോ റേഷന്‍ കടകളിലേയും ധാന്യ വിതരണം ഓണ്‍ലൈനായി നിരീക്ഷിക്കാന്‍ ഇതിലൂടെ സാധിക്കുന്നു. പ്രതിദിനം എത്ര പേര്‍ റേഷന്‍ വാങ്ങിയെന്നും എത്ര കിലോ റേഷന്‍ വിതരണം ചെയ്തുവെന്നുമുള്ള കൃത്യമായ വിവരം വകുപ്പ് മേധാവികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ലഭിക്കുന്നു. ഈ മാസത്തെ കണക്കുകള്‍ അനുസരിച്ച് ഏപ്രില്‍ 26 വരെ 25,47,262 കാര്‍ഡുടമകള്‍  റേഷന്‍ വാങ്ങിയിട്ടുണ്ട്. ഒരു റേഷന്‍ കടയുടെ കീഴില്‍ കാര്‍ഡുള്ളയാള്‍ക്ക് മറ്റൊരു റേഷന്‍ വിതരണ കേന്ദ്രത്തില്‍ നിന്ന് സാധനങ്ങള്‍ ലഭിക്കുന്നതിനായി വിഭാവനം ചെയ്ത പോര്‍ട്ടബിലിറ്റി സംവിധാനം കേരളത്തില്‍ നിരവധി പേര്‍ ഉപയോഗിക്കുന്നതായാണ് വകുപ്പിന്റെ പക്കലുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ മാസം 12,967 പേര്‍ ഈ സംവിധാനം ഉപയോഗിച്ചിട്ടുണ്ട്.
ഇടനിലക്കാരെ ഒഴിവാക്കി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ നേരിട്ടാണ്     സാധനങ്ങള്‍ ഇപ്പോള്‍ റേഷന്‍ കടകളിലെത്തിക്കുന്നത്. അടുത്ത ഘട്ടത്തില്‍ റേഷന്‍ സാധനങ്ങള്‍ കടകളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങളില്‍ ജി. പി. എസ് ഘടിപ്പിക്കും. ഇതിനുള്ള താത്പര്യപത്രം ക്ഷണിച്ചിട്ടുണ്ട്. റേഷന്‍ സാധനങ്ങള്‍ സൂക്ഷിക്കാന്‍ വാടകയ്‌ക്കെടുത്ത സപ്ലൈകോയുടെ ഗോഡൗണുകളില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കാനും ഉടന്‍ നടപടിയുണ്ടാവും.