തൃശ്ശൂർ: പാണഞ്ചേരി ഗ്രാമപഞ്ചായത്തിൽ പശുവിനെ വളർത്തി ഉപജീവനം നടത്തുന്ന വനിതകൾക്കായി പശു വളർത്തൽ പദ്ധതി ആരംഭിച്ചു. ഈ പദ്ധതി പ്രകാരം പഞ്ചായത്തിൽ 60 വനിതകൾക്ക് പശുക്കളെ നൽകും. പശുവിന്റെ വിലയായ 50,000 രൂപയിൽ 50 ശതമാനം പഞ്ചായത്ത് സബ്‌സിഡിയായി നൽകും. ബാക്കി തുക പാണഞ്ചേരി സഹകരണ ബാങ്ക് കുറഞ്ഞ പലിശ നിരക്കിൽ വായ്പയായി അനുവദിക്കും. പശുക്കളെ വാങ്ങുന്നത് പാണഞ്ചേരി പഞ്ചായത്ത് പരിധിയിൽ നിന്നാകരുതെന്ന് നിബന്ധനയുണ്ട്. ഇത്തരത്തിൽ നടപടികൾ പൂർത്തിയായ 60 വനിതകൾക്ക് പശുക്കളെ അനുവദിക്കുന്ന പരിപാടി മൃഗാശുപത്രി പരിസരത്ത് പഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, മെമ്പർമാരായ ഇ.ടി ജലജൻ, ഷൈലജ വിജയകുമാർ, അജിത മോഹൻദാസ്, പാണഞ്ചേരി മൃഗാശുപത്രിയിലെ ഡോക്ടർ ആർ. സിന്ധു എന്നിവർ സംസാരിച്ചു.