തൃശ്ശൂർ: അതിരപ്പിള്ളിയിലെ ആദിവാസി മേഖലകളിൽ നിന്നും കർഷർ ഉൽപാദിപ്പിക്കുന്ന തനത് ഉൽപന്നങ്ങൾ ലോകോത്തര നിലവാരമുള്ള പൊതു ബ്രാൻ്റാക്കി ഉയർത്തുകയാണ് ലക്ഷ്യമെന്ന് കൃഷി മന്ത്രി വി. എസ് സുനിൽ കുമാർ.അതിരപ്പിള്ളി ആദിവാസി മേഖലയിലെ കർഷകർക്ക് വേണ്ടി നടപ്പിലാക്കുന്ന ട്രൈബൽവാലി പദ്ധതിയുടെ ഭാഗമായുള്ള സെൻട്രൽ പ്രൊസസിംഗ് യൂണിറ്റിൻ്റെ ശിലാസ്ഥാപന കർമ്മം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.തികച്ചും ജൈവികമായ ഉൽപന്നങ്ങളാണ് ആദിവാസി മേഖലയിൽ നിന്ന് എത്തുന്നത്. പരമ്പരാഗത കൃഷി രീതികളെ പിന്തുടർന്ന് തനത് രീതിയിൽ തന്നെ ഉൽപാദിപ്പിക്കുന്നതും ഈ മേഖലയുടെ മാത്രമായ ഉൽപന്നങ്ങളും വിപണിയിൽ എത്തേണ്ടതുണ്ട്. കർഷകരുടെ ഉൽപന്നങ്ങൾ, ആദിവാസികൾ ശേഖരിക്കുന്ന വനവിഭവങ്ങൾ തുടങ്ങിയവ ശാസ്ത്രീയമായി സംസ്കരിച്ച് മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളാക്കി അവയെ പൊതു ബ്രാൻ്റാക്കി വിപണിയിൽ എത്തിക്കുകയാണ് ലക്ഷ്യം.ഊരുകളിലെ കർഷകരെ ഉൾപ്പെടുത്തി കമ്പനി രൂപീകരിക്കുക, ഈ ഉത്പന്നങ്ങൾ ഒരു പൊതു ബ്രാൻ്റാക്കി ഗുണഭോക്താക്കളിൽ എത്തിക്കുക, ഇതിലൂടെ വരുമാനം ഉറപ്പു വരുത്തി ആദിവാസി സമൂഹത്തിൻ്റെ ജീവത നിലവാരം മെച്ചപ്പെടുത്തുക, വിനോദ സഞ്ചാര മേഖല, വിമാനത്താവളങ്ങൾ എന്നിവടങ്ങളിൽ ഉൽപന്നങ്ങൾ കൂടുതലായി എത്തിക്കുക തുടങ്ങിയ കാര്യങ്ങളാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. പ്രൊസസ്സിംഗ് യൂണിറ്റിൻ്റെ നിർമ്മാണം 2 മാസത്തിനകം പൂർത്തിയാക്കാൻ മന്ത്രി ഉദ്യോസ്ഥർക്ക് നിർദ്ദേശം നൽകി.

കൃഷിയിടം മുതൽ ഗുണഭോക്താവിന്റെ കൈയിൽ ഉത്പന്നം എത്തുന്നതുവരെയുള്ള എല്ലാ മേഖലകളെയും ഉൾപ്പെടുത്തി 10.01 കോടി രൂപ മുതൽ മുടക്കി മൂന്നു വർഷം കൊണ്ട് ഈ പദ്ധതി പൂർത്തീകരിക്കും. ആദിവാസി ഊരുകളിൽ കൃഷി ചെയ്യുന്ന കുരുമുളക്, കാപ്പി,ഏലം, മഞ്ഞൾ, കൂവ തുടങ്ങിയ കാർഷിക വിളകളുടെയും ആദിവാസി വിഭാഗം വനത്തിൽ നിന്നും ശേഖരിക്കുന്ന തേൻ, തെള്ളി, കാട്ടുകുടമ്പുളി തുടങ്ങിയ വനവിഭവങ്ങളുടെയും സംസ്ക്കരണവും മൂല്യവർധനവും പാക്കിങും അതിരപ്പിള്ളിയിൽ ആരംഭിക്കുന്ന സെൻട്രൽ പ്രൊസസിംഗ് യൂണിറ്റിലൂടെ സാധ്യമാകും.
ജൈവ കൃഷി സാക്ഷ്യപത്രവും റെയിൻ ഫോറെസ്റ്റ് അലയൻസ് സെർട്ടിഫിക്കേറ്റും ഉൾപ്പെടെ എല്ലാ അന്താരാഷ്ട്ര ഗുണനിലവാരവും പാലിച്ചുകൊണ്ട് ഉൽപനങ്ങൾ വിപണിയിലെത്തിക്കുo.റീബിൽഡ് കേരള ഇനീഷ്യേറ്റീവിൽ നിന്നുള്ള ഫണ്ട്, കൃഷി വകുപ്പിൻ്റെ മറ്റു പദ്ധതികളിലൂടെ ലഭിക്കുന്ന ഫണ്ടുകൾ, യു.എൻ ഡി.പി, പട്ടികവർഗ്ഗ വികസന വകുപ്പുകളുടെ ഫണ്ടുകൾ ഏകോപിച്ചു കൊണ്ടും പട്ടിക വർഗ്ഗ വകുപ്പ്, വനം, സഹകരണ വകുപ്പുകളുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പിലാക്കുക. അരൂർമുഴി കമ്മ്യൂണിറ്റി ഹാളിൽ നടന്ന ചടങ്ങിൽ ബി ഡി ദേവസ്സി എംഎൽ എ അധ്യക്ഷത വഹിച്ചു. ബെന്നി ബഹനാൻ എം പി മുഖ്യാതിഥിയായി പങ്കെടുത്തു. ചടങ്ങിൽ പ്രിൻസിപ്പൽ ജില്ല കൃഷി ഓഫീസർ മിനി കെ.എസ് സ്വാഗതം പറഞ്ഞു. പദ്ധതിയുടെ സ്പെഷ്യൽ ഓഫീസർ ശാലു മോൻ പദ്ധതി വിശദീകരണം നടത്തി.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീന പറയങ്ങാട്ടിൽ, ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വേണു കണ്ഠരു മഠത്തിൽ, അതിരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ കെ റീജേഷ്, കെ.എൽ.ഡി സി മാനേജിംങ് ഡയറക്ടർ രാജീവ് പി.എസ്, ട്രൈബൽ ഡെവലപ്പ്മെൻ്റ് ഓഫീസർ ഇ. ആർ സന്തോഷ് കുമാർ, ഡി.എഫ്.ഒ വിനോദ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ വി. ആർ നരേന്ദ്രൻ, കൃഷി അസി. ഡയറക്ടർ മിനി ജോസഫ്,
ഊരുമൂപ്പന്മാർ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.