പിന്നാക്ക ജില്ലയായ വയനാടിന്റെ ത്വരിത വികസനവുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കലക്ടര്‍ എസ് സുഹാസിന്റെ അദ്ധ്യക്ഷതയില്‍ വകുപ്പുതല യോഗം ചേര്‍ന്നു. രാജ്യത്ത് ഏറ്റവും പിന്നാക്കമെന്നു നീതി ആയോഗ് കണ്ടെത്തിയ 115 ജില്ലകളില്‍ കേരളത്തില്‍ നിന്നു വയനാട് മാത്രമാണുള്ളത്. വയനാടിന്റെ വികസന പദ്ധതി രൂപവത്കരണത്തെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്തു.  കേന്ദ്രസര്‍ക്കാരിന്റെ എം എസ് എം ഇ  മുഖേനയാണ് വികസന പദ്ധതികള്‍ നടപ്പാക്കുന്നത്. ജില്ലാ വ്യവസായ കേന്ദ്രം പദ്ധതി നടത്തിപ്പിന്  മേല്‍നോട്ടം വഹിക്കും. എംഎസ്എംഇ തൃശൂര്‍ ഡയറക്ടര്‍ പി വി വേലായുധന്‍ പദ്ധതി വിശദീകരണം നടത്തി. കാര്‍ഷിക ജില്ലയായ വയനാട്ടില്‍ 97 ശതമാനത്തോളം ചെറുകിട വ്യവസായങ്ങളാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു. വയനാട് വികസനവുമായി ബന്ധപ്പെട്ട് നേരത്തെ തയ്യാറാക്കിയ പദ്ധതി കേന്ദ്ര പദ്ധതിയുമായി സംയോജിപ്പാക്കാനുള്ള സാധ്യത പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എഡിഎം കെ എം രാജു, എംഎസ്എംഇ അസിസ്റ്റന്റ് ഡയറക്ടര്‍ കെ ആര്‍ കൃഷ്ണകുമാര്‍ എന്നിവര്‍ സംസാരിച്ചു.