പാലക്കാട്:  കാർഷികാഭിവൃദ്ധി ലക്ഷ്യമിട്ട് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആലത്തൂർ നിയോജക മണ്ഡലത്തിൽ നടപ്പാക്കുന്ന നിറ പദ്ധതിയുടെ കിഴിലുള്ള പാടശേഖരങ്ങളെ വന്യമൃഗ ശല്യത്തിൽ നിന്നും സംരക്ഷിക്കുന്നതിനായി കുഴൽമന്ദം ഗ്രാമപഞ്ചായത്ത് കണ്ണാടിപ്പാടം,കല്ലേംകോണം പാടശേഖരങ്ങളിൽ നിർമ്മിച്ച സോളാർ ഫെൻസിംങ് ഉദ്ഘാടനം കെ.ഡി പ്രേസേനൻ എം.എൽ.എ നിർവഹിച്ചു. കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. ദേവദാസ് പരിപാടിയിൽ അധ്യക്ഷനായി.
സംസ്ഥാനത്ത് ആദ്യമായാണ് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും സോളാർ ഫെൻസിംങ് സ്ഥാപിക്കുന്നത്. കല്ലേംകോണം, കണ്ണാടിപ്പാടം പാടശേഖരങ്ങളിലായി 6300 മീറ്റർ ചുറ്റളവിലാണ് സോളാർ ഫെൻസിംങ് നിർമാണം പൂർത്തീകരിച്ചത്.100 ഹെക്ടറോളം വരുന്ന കൃഷി സ്ഥലത്തെ വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമെന്ന നിലയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.
ചിതലി -പഞ്ഞി റോഡിൽ നടന്ന പരിപാടിയിൽ കുഴൽമന്ദം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി നാരായണൻ മുഖ്യാതിഥിയായി. കുഴൽമന്ദം അസിസ്റ്റന്റ് ഡയറക്ടർ ഓഫ് അഗ്രികൾച്ചർ കെ. ബിന്ദു, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ കെ. പ്രദീപ്കുമാർ, കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് അംഗം വി. പങ്കജാക്ഷൻ, കുഴൽമന്ദം ഗ്രാമപഞ്ചായത്ത് അംഗം ഇ.ആർ കൃഷ്ണദാസ്, കൃഷി ഓഫീസർ എം. നഫീസ, പാടശേഖര സമിതി സെക്രട്ടറി എം.കെ രാജൻ, നിറ ഹരിത മിത്ര പ്രസിഡന്റ് വി. ആറുണ്ണി എന്നിവർ പങ്കെടുത്തു.