കൊല്ലം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ റിവേഴ്‌സ് ക്വാറന്റയിന്‍ കര്‍ശനമാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിച്ചു. കോവിഡ് ഗുരുതരമായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗങ്ങളായ കുട്ടികള്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗര•ാര്‍, മറ്റു രോഗങ്ങള്‍ ഉള്ളവര്‍ എന്നിവര്‍ എല്ലാ മുന്‍കരുതലുകള്‍ എടുക്കുകയും അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും വേണം.
ജീവിതശൈലി രോഗങ്ങള്‍ ഉള്ളവര്‍ യഥാസമയം മരുന്നുകള്‍ കഴിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം. രോഗലക്ഷണം ഉള്ളവരുമായി യാതൊരുതരത്തിലും ഇവര്‍ സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല. കണ്ടയിന്‍മെന്റ് സോണുകളിലും ക്ലസ്റ്ററുകളിലും താമസിക്കുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം.
യുവാക്കള്‍ രോഗം പരത്തുന്നതില്‍ മുന്നില്‍ നില്‍ക്കുന്നതിനാല്‍ യാത്രകള്‍ കുറയ്ക്കുകയും റിവേഴ്‌സ്
ക്വാറന്റയിനില്‍ ഉള്ളവര്‍ക്കായി തങ്ങളുടെ പെരുമാറ്റവും ജീവിതക്രമവും ചിട്ടപ്പെടുത്തി മാതൃകാപരമായി പെരുമാറുകയും വേണം. വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ പോകുമ്പോഴും യാത്രാ വാഹനങ്ങളിലും സാമൂഹ്യ അകലം പാലിക്കുകയും ശരിയായ രീതിയില്‍ മാസ്‌ക് ധരിക്കുകയും വേണം. സാനിറ്റൈസര്‍ ഇടയ്ക്കിടെ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണം. കൂട്ടംകൂടി ഇരുന്ന് ഭക്ഷണം കഴിക്കുകയോ ഭക്ഷണ സാമഗ്രികള്‍, കുടിവെള്ളം, പഠനോപകരണങ്ങള്‍ തുടങ്ങിയവ കൈമാറ്റം ചെയ്യാനോ പാടില്ല.
ജില്ലയിലെ സ്വകാര്യ കലാലയത്തില്‍ അഞ്ചു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ കോളേജിലും ഹോസ്റ്റലിലും കോവിഡ് മാനദണ്ഡം കര്‍ശനമായി പാലിക്കണം. ഹോസ്റ്റലില്‍ വ്യക്തിഗത മുറികള്‍ ഉപയോഗിക്കുന്നതാണ് അഭികാമ്യം. ഡോര്‍മിറ്ററികളില്‍ താമസിക്കുന്നവര്‍ ബെഡ്ഡുകള്‍ തമ്മില്‍ നിശ്ചിത അകലം പാലിക്കണം.
ഉച്ചഭക്ഷണ സമയത്ത് നിശ്ചിത ടൈം സ്ലോട്ടുകള്‍ ഏര്‍പ്പെടുത്തുകയും തിരക്ക് ഒഴിവാക്കുകയും വേണം. ഹോസ്റ്റലില്‍ ഉള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ അവരെ ഉടനടി വീട്ടിലേക്ക് മാറ്റണം. സമ്പര്‍ക്കത്തില്‍ വന്നവര്‍ അഞ്ചാം ദിവസം പരിശോധനയ്ക്ക് വിധേയമാകണം. പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്റ്റുകള്‍ ആര്‍ ടി പി സി ആര്‍ പരിശോധനയും മറ്റുള്ളവര്‍ ആന്റിജന്‍ ടെസ്റ്റും നടത്തണമെന്നും ഡി എം ഒ അറിയിച്ചു.