അറിയാം…നേടാം
മാതാപിതാക്കള്‍ രണ്ടുപേരുമോ ഒരാളോ മരിച്ചുപോവുകയും ജീവിച്ചിരിക്കുന്നയാള്‍ക്ക് സാമ്പത്തിക പരാധീനതയാല്‍ കുട്ടികളെ സംരക്ഷിക്കാന്‍ കഴിയാതെ വരികയും ചെയ്താല്‍ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധുവീട്ടിലോ താമസിപ്പിച്ച് വിദ്യാഭ്യാസം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള പ്രതിമാസധനസഹായ പദ്ധതിയാണ് സ്‌നേഹപൂര്‍വം പദ്ധതി.

നഗരപ്രദേശങ്ങളില്‍ 22,375 രൂപയും ഗ്രാമപ്രദേശങ്ങളില്‍ 20,000 രൂപ വരെയും വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികളില്‍ സര്‍ക്കാര്‍/എയ്ഡഡ് സ്ഥാപനങ്ങളില്‍ ഡിഗ്രി, പ്രൊഫഷനല്‍ ക്ലാസുകള്‍ വരെ പഠിക്കുന്നവര്‍ എന്നിവര്‍ പദ്ധതിയില്‍ പങ്കാളികളാവാന്‍ അര്‍ഹരാണ്. ഒന്ന് മുതല്‍ അഞ്ച് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രതിമാസം 300 രൂപയും ആറ് മുതല്‍ പത്ത് വരെയുള്ള കുട്ടികള്‍ക്ക് പ്രതിമാസം 500 രൂപയും പ്ലസ് വണ്‍, പ്ലസ് ടു ക്ലാസില്‍ പഠിക്കുന്ന കുട്ടിക്ക് പ്രതിമാസം 750 രൂപയും ഡിഗ്രി, പ്രൊഫഷനല്‍ കോഴ്‌സുകള്‍ക്ക് 1,000 രൂപ വീതവും ആനുകൂല്യം ലഭിക്കും. എച്ച്.ഐവി ബാധിതരായ കുട്ടികള്‍ക്കും വരുമാന പരിധിയില്ലാതെ ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

അപേക്ഷിക്കേണ്ട വിധം:

അഞ്ചു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പദ്ധതി ആനുകൂല്യം ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷാഫോം പൂരിപ്പിച്ച്  ജില്ലാ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍മാന്റെ സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ആവശ്യമായ രേഖകള്‍ സഹിതം കേരള സാമൂഹികസുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കണം.അഞ്ച് വയസ് മുതലുള്ള കുട്ടികള്‍ക്ക് വെള്ളക്കടലാസില്‍ തയ്യാറാക്കിയ അപേക്ഷ സ്ഥാപനമേധാവികള്‍ക്ക് നല്‍കണം.