എറണാകുളം: ആഗോള തലത്തിൽ സാമ്പത്തിക തകർച്ചയുണ്ടായിട്ടും വികസന തളർച്ചയില്ലാത്തതാണ് കേരളത്തിന്റെ പ്രത്യേകതയെന്ന് ധനകാര്യവകുപ്പ് മന്ത്രി ടി.എം തോമസ് ഐസക്ക് പറഞ്ഞു. കുണ്ടന്നൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ
മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലാണ് പശ്ചാത്തല സൗകര്യ വികസന നിക്ഷേപം കേരളത്തിൽ നടക്കുന്നത്.

60,000 കോടിരൂപ മുതൽ മുടക്ക് വരുന്ന റോഡുകൾ, പാലങ്ങൾ, കെട്ടിടങ്ങൾ, വ്യവസായ പാർക്കുകൾ എന്നിവയുടെ വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്. കോവിഡാനന്തര കാലത്തെ കേരളത്തിന് ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാൻ സാധിക്കുന്നത് കിഫ്ബിയിലൂടെയാണ്.

ബജറ്റിലെ പണ സമാഹരണ പരിമിതികളെ മറികടന്ന് വിഭവങ്ങൾ സമാഹരിച്ച് നാടിനുവേണ്ട നിക്ഷേപം നടത്താൻ കിഫ്ബിയിലൂടെ സാധിക്കുന്നു. കിഫ്ബിയുടെ ധനസഹായത്തോടെയാണ് കേരളത്തിന് രാജ്യത്തെ ഏറ്റവും വലിയ മാന്ദ്യവിരുദ്ധ പാക്കേജ് തയ്യാറാക്കാൻ സാധിച്ചത്. കൊച്ചിയുടെ എല്ലാ വികസന ആവശ്യങ്ങൾക്കും സർക്കാർ മുൻഗണന നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.