കുടുംബശ്രീയുടെ ആരോഗ്യജാഗ്രത പകര്‍ച്ചവ്യാധി പ്രതിരോധ ക്യാമ്പയിന്റെ ഭാഗമായുള്ള ജില്ലാതല ആസൂത്രണ യോഗം ജില്ലാ ആസ്ഥാനത്ത് ചേര്‍ന്നു. ജില്ലാഡെപ്യൂട്ടി ഡി.എം.ഒ ഡോ. ജോബിന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. മൈക്രോഫിനാന്‍സ് ജില്ലാ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സൂര്യാ ടിനോഷ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാനത്ത് പകര്‍ച്ചവ്യാധികള്‍ പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ചും നടപടികളെക്കുറിച്ചും കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ബോധവല്‍ക്കരണം നടത്തി.
പകര്‍ച്ചവ്യാധികളെ ഒഴിവാക്കാന്‍ ശുചിത്വവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും അടിസ്ഥാന കാര്യങ്ങളായിരിക്കേണ്ട ഇക്കാര്യത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കണമെന്ന് മുഖ്യപ്രഭാഷക പറഞ്ഞു. ജൈവമാലിന്യങ്ങളും സംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ സംസ്‌കരണം, ജലസംരക്ഷണം, ഈര്‍ജ്ജസംരക്ഷണം, അയല്‍ക്കൂട്ടയോഗങ്ങള്‍, അയല്‍ക്കൂട്ട പരിപാടികള്‍ എന്നിവിടങ്ങളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് തുടങ്ങി കാര്യങ്ങള്‍ പരിപാടിയില്‍ ചര്‍ച്ച ചെയ്തു. ആരോഗ്യ ജാഗ്രതയുമായി ബന്ധപ്പെട്ട് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ ഹരിത അയല്‍ക്കൂട്ടങ്ങളാക്കി മാറ്റുന്നതിനുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ അജേഷ് ടി.ജി, എ.ഡി.എം.സി ഷാജിമോന്‍ പി.എം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.