എറണാകുളം: സംസ്ഥാന സർക്കാരിൻ്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി കോതമംഗലം താലൂക്ക് ആശുപത്രിയിൽ 2.18 കോടി മുടക്കി നവീകരിച്ച ഒ പി ബ്ലോക്കിൻ്റെ ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ നിർവഹിച്ചു. വീഡിയോ കോൺഫറൻസ് വഴിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ ശിലാഫലകം അനാച്ഛാദനം ചെയ്തു.മധ്യ കേരളത്തിൽ ഏറ്റവും കൂടുതൽ ആദിവാസികൾ അടക്കം സാധാരണക്കാരായ ആയിരക്കണക്കിന് ആളുകൾ ദൈനംദിനം ആശ്രയിക്കുന്ന കോതമംഗലം താലൂക്ക് ആശുപത്രിയിലെ ഒ പി വിഭാഗം രോഗി സൗഹൃദം ആക്കുന്നതിൻ്റെ ഭാഗമായി 2. I8 കോടി രൂപ മുടക്കിയാണ് നവീകരിച്ചത്.

നിലവിലുള്ള ഒ പി പുതുക്കി നിർമിക്കുന്നതിനൊപ്പം പുതുതായി ഒ പി റൂമുകൾ നിർമ്മിച്ചുമാണ് നവീകരണം പൂർത്തിയാക്കിയത്. ഫാർമസിയിലും ലാബിലും ഒ പി യിൽ വരുന്ന ആളുകൾക്ക് വിശ്രമിക്കുന്നതിനുവേണ്ടി വെയ്റ്റിംഗ് ഏരിയകൾ ഇതിൻ്റെ ഭാഗമായി നിർമിച്ചിട്ടുണ്ട്. ഓ പി റൂമുകൾ പുതുക്കി പണിയുന്നതിനോടൊപ്പം പുതിയ ഒ പി റൂമുകൾ നിർമ്മിച്ചു. ടൈൽ വിരിച്ച് പെയിൻ്റിങ് ചെയ്ത് മനോഹരമാക്കിയാണ് പുതിയ ഒ പി റൂമുകൾ നിർമ്മിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെ ലാബുകളും അത്യാധുനിക രീതിയിൽ നവീകരിച്ച ട്ടുണ്ട്.

ലാബ് സെൻ്റെറുകൾ രോഗികൾക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേർന്ന തരത്തിൽ പുതുക്കുകയും, ഒ പി യിൽ എത്തുന്നവർക്ക് വിശ്രമമുറിയിൽ കുടിവെള്ളം അടക്കമുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം തന്നെ നിലവിൽ ആശുപത്രിയുടെ മുകളിലത്തെ നിലയിൽ പ്രവർത്തിക്കുന്ന ആർ എസ് ബി വൈ ആരോഗ്യഇൻഷുറൻസ് കൗണ്ടറും സ്കിൻ ഒ പിയും താഴത്തെ നിലയിലേക്ക് മാറ്റി ക്രമീകരിച്ചിട്ടുണ്ട്.

പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി എം മജീദ്, വി സി ചാക്കോ, ഖദീജ മുഹമ്മദ്, ചന്ദ്രശേഖരൻ നായർ, മുൻസിപ്പൽ വൈസ് ചെയർമാൻ സിന്ധു ഗണേശൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഷീദ സലിം, റാണികുട്ടി ജോർജ്, കൗൺസിലർമാരായ കെ എ നിഷാദ്, കെ വി തോമസ്, ദേശീയ ആരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജർ ഡോക്ടർ മാത്യുസ് നമ്പേലി, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടർ എൻ യു അഞ്ജലി എന്നിവർ പങ്കെടുത്തു.