കാസർഗോഡ്: 18 വര്‍ഷമായി ഗ്രാമീണ സംരംഭകര്‍ക്ക് സൗജന്യ പരിശീലനമൊരുക്കി വെള്ളിക്കോത്ത് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രം. ഗ്രാമീണ മേഖലയിലെ യുവ സംരംഭകരുടെ വികസനം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് ഈ പരിശീലന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നത്. ആറ് ദിവസം മുതല്‍ 45 ദിവസം വരെ നീണ്ടു നില്‍ക്കുന്ന ഹ്രസ്വകാല പരിശീലനമാണ് ഇവിടെ നല്‍കുന്നത്. താമസിച്ചു പഠിക്കാനുള്ള സൗകര്യവും ഭക്ഷണവും തികച്ചും സൗജന്യമായി ഈ കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തില്‍ നല്‍കി വരുന്നു.

11573 ഗുണഭോക്താക്കള്‍

ബാങ്കിങ്, സാമ്പത്തിക പരിജ്ഞാനം, ബിസിനസ് സ്റ്റിമുലേഷന്‍ ഗെയിംസ്, പ്രൊജക്ട് റിപ്പോര്‍ട്ട് തയ്യാറാക്കല്‍, മാര്‍ക്കറ്റ് സര്‍വ്വേ, യൂനിറ്റ് വിസിറ്റ് തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സംരംഭകത്വ പരിശീലനം നടത്തി വരുന്നത്. സംരംഭകത്വ പരിശീലന ക്യാമ്പുകളിലൂടെയും സര്‍ക്കാര്‍ ഏജന്‍സികള്‍ മുഖേനയുമാണ് പരിശീലനത്തിനായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത്. ഇതുവരെയായി 11573 പേരാണ് ഇവിടെ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയത്. ഡിസംബറില്‍ ആരംഭിച്ച കോഴ്‌സില്‍ കേക്ക് നിര്‍മ്മാണം, കൂണ്‍ കൃഷി, ടൈലറിങ്, ഫാസ്റ്റ് ഫുഡ് സ്റ്റാള്‍ തുടങ്ങിയ പരിശീലന പരിപാടികളാണ് നടന്നു വരുന്നത്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ അശരണരായ സ്ത്രീകള്‍ക്കായി ആരംഭിച്ച കൂട്ട് പദ്ധതിയില്‍ ഉള്‍പ്പെട്ട 30 സ്ത്രീകള്‍ ഈ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അടുത്ത ഘട്ടത്തില്‍ ടൈലറിങ് പരിശീലനം നേടും.

ആംപെയര്‍ ഇലക്ട്രിക്കല്‍സ് ഭീമനടി, വനിതാ ഹോട്ടല്‍ ഇരിയണ്ണി, ഗ്രാമശ്രീ യൂണിറ്റ് പാക്കം, ബിസ്മി കാറ്ററിങ് യൂണിറ്റ് പെരിയ, മാ നാച്ചുറല്‍ ചിപ്‌സ് യൂണിറ്റ് പാണത്തൂര്‍, ഡ്രീം ലേഡീസ് ടൈലറിങ് ബോവിക്കാനം, ഗ്രാന്റ് ബേക്കേഴ്‌സ് എന്നീ സംരംഭങ്ങള്‍ കഴിഞ്ഞ വര്‍ഷം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പഠിച്ചിറങ്ങിയ ഗുണഭോക്താക്കള്‍ നടത്തുന്ന സ്ഥാപനങ്ങളാണ്. തെങ്ങ് കയറ്റം പരിശീലിച്ച പ്രകാശ വര്‍ധാന, മ്യൂറല്‍ ആര്‍ട്ടിസ്റ്റ് കെ.വി ബജീഷ് എന്നീ ഗുണഭോക്താക്കളും വര്‍ഷത്തെ ഇന്‍സ്റ്റിറ്റ്യൂട്ടിലെ കഴിഞ്ഞ വര്‍ഷത്തെ അഭിമാനമായി. 2003 മെയ് 18 ന് ജില്ലയില്‍ ആരംഭിച്ച വെള്ളിക്കോത്ത് ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കന്ദ്രം കാഞ്ഞങ്ങാട് ടൗണില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ മാറി അജാനൂര്‍ ഗ്രാമ പഞ്ചായത്തിലെ 1.50 ഏക്കര്‍ സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്.