കാസർഗോഡ്: പെരിയ ടൗണില്‍ നാഷണല്‍ ഹൈവേക്ക് സമീപം പൊതുമരാമത്ത് വകുപ്പ് പുതുതായി നിര്‍മ്മിക്കുന്ന റസ്റ്റ്ഹൗസ് കെട്ടിട നിര്‍മ്മാണ പ്രവൃത്തിയുടെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നിര്‍വ്വഹിച്ചു. കാസര്‍കോട് ജില്ലയുടെ വികസനത്തിനും ടൂറിസത്തിനും പ്രാധാന്യം കൂടി വരുമ്പോള്‍ പെരിയ ടൗണില്‍ റസ്റ്റ് ഹൗസ് ആവശ്യമാണെന്നും ഇതു മനസ്സിലാക്കിയാണ് കെട്ടിട നിര്‍മ്മാണത്തിനുള്ള നടപടികള്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 2.89 കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മ്മാണ കാലാവധി 18 മാസമാണെങ്കിലും അതിനു മുന്‍പ് തന്നെ നിര്‍മ്മാണം പൂര്‍ത്തീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

8370 ചതുരശ്രഅടി വിസ്തീര്‍ണ്ണത്തില്‍ ആധുനികരീതിയില്‍ വിഭാവനം ചെയ്ത നിര്‍മ്മിക്കുന്ന പുതിയ റസ്റ്റ് ഹൗസ് കെട്ടിടത്തില്‍ വിഐപി സ്യൂട്ടുകള്‍, ശീതികരിച്ചതും അല്ലാത്തതുമായ മുറികള്‍, ലോബി, റിസപ്ഷന്‍, കോണ്‍ഫ്രന്‍സ് മുറികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ആകര്‍ഷകമായ എലിവേഷനും ഒപ്പം മതിയായ കാര്‍ പാര്‍ക്കിംഗ് സൗകര്യവും ഈ കെട്ടിടത്തിന്റെ സവിശേഷതകളാണ്.

ചടങ്ങില്‍ കെ കുഞ്ഞിരാമന്‍ എം എല്‍ എ അധ്യക്ഷനായി. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ശാരദ എസ് നായര്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് മെമ്പര്‍ സുമ കുഞ്ഞികൃഷ്ണന്‍, കോഴിക്കോട് ബില്‍ഡിങ് നോര്‍ത്ത് സര്‍ക്കിള്‍ സൂപ്രണ്ടിങ് എന്‍ജിനീയര്‍ എം അന്‍സാര്‍, കാസര്‍കോട് ബില്‍ഡിങ് ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മുഹമ്മദ് മുനീര്‍ വടക്കുംപാടം, കാസര്‍കോട് ബില്‍ഡിംഗ് സബ്ഡിവിഷന്‍ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ യു കെ രവികുമാര്‍, എന്‍ ബാലകൃഷ്ണന്‍ , ടി രാമകൃഷ്ണന്‍, ടി വി അശോകന്‍ എന്നിവര്‍ പങ്കെടുത്തു.