കാസർഗോഡ്: ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ 2015 വരെ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടിയ കായിക താരങ്ങളില്‍ 498 പേര്‍ക്ക് സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച് നിയമനം നല്‍കിയതായി വ്യവസായകായിക വകുപ്പ് മന്ത്രി ഇ.പി.ജയരാജന്‍ പറഞ്ഞു. ഉടന്‍ നിയമനം നല്‍കാനുള്ള 54 പേരുടെ പട്ടിക കൂടി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതുകൂടി പൂര്‍ത്തിയാകുമ്പോള്‍ 552 കായികതാരങ്ങള്‍ക്ക് ജോലി ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. നീലേശ്വരം തെക്കന്‍ ബങ്കളം രാങ്കണ്ടത്ത് ദേശീയ ഫുട്‌ബോള്‍ താരം ആര്യശ്രീയ്ക്ക് സംസ്ഥാന കായിക വകുപ്പ് നിര്‍മിച്ച് നല്‍കിയ വീടിന്റെ താക്കോല്‍ ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. 2015 19 കാലഘട്ടത്തില്‍ ദേശീയ അന്തര്‍ദേശീയ നേട്ടമുണ്ടാക്കിയ 250 കായികതാരങ്ങള്‍ക്ക് ജോലി നല്‍കുന്നതിനുള്ള അപേക്ഷകള്‍ സ്വീകരിച്ചു.

കായികതാരങ്ങള്‍ക്ക് വീടുവെച്ച് നല്‍കുന്നതിലൂടെ എല്ലാവര്‍ക്കും വീട് എന്ന സ്വപ്നം പൂര്‍ത്തീകരിക്കുന്ന ലൈഫ് മിഷന്‍ പദ്ധതിയില്‍ കായിക വകുപ്പും പങ്കാളികളാവുകയാണ്. നിര്‍ധനരായ താരങ്ങള്‍ക്ക് വീട് നല്‍കി അവരെ പ്രോത്സാഹിപ്പിക്കുമ്പോള്‍ അത് നമ്മുടെ കായികമേഖലയ്ക്ക് കൂടുതല്‍ ഊര്‍ജ്ജമേകുകയാണെന്നും ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം കായിക മേഖലയെ വളര്‍ത്താന്‍ നിരവധി പദ്ധതികളാണ് ആസൂത്രണം ചെയ്തു നടപ്പാക്കിവരുന്നതെന്നും മന്ത്രി പറഞ്ഞു.