Kerala’s Top 50 Policies and Projects-20

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി നേരിട്ട അവസരത്തിൽ ഭക്ഷ്യ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയിലായിരുന്നു ഒട്ടുമിക്ക കുടുംബങ്ങളും. ദീർഘ കാലം നീണ്ടു നിൽക്കാവുന്ന ലോക്ക് ഡൗണിൽ അവശ്യ വസ്തുക്കൾ ലഭിക്കുന്നതിനും ഭക്ഷണം ലഭിക്കുന്നതിനും തടസമുണ്ടാകുമോയെന്ന ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചുകൊണ്ട് സമൂഹത്തിന് ആത്മവിശ്വാസം നൽകാൻ മികച്ച പദ്ധതികളാണ് കേരള സർക്കാർ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്. തീരുമാനങ്ങൾ നിശ്ചയദാർഢ്യത്തോടെ എടുത്ത് സമയബന്ധിതമായി നടപ്പിലാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കിയ പദ്ധതികളായിരുന്നു കോവിഡ് സമയത്ത് സർക്കാർ സ്വീകരിച്ചത്.

ലോക്ക് ഡൗൺ സമയത്ത് ഒരാളും വിശന്ന് ഇരിക്കരുത് എന്ന ലക്ഷ്യം മുൻനിർത്തിയാണ് കമ്മ്യൂണിറ്റി കിച്ചനുകൾ ആരംഭിക്കാൻ സർക്കാർ തീരുമാനം എടുത്തത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കുടുംബശ്രീയുമായി സഹകരിച്ച് കമ്മ്യൂണിറ്റി കിച്ചനുകൾ തുടങ്ങാനാണ് തീരുമാനിച്ചത്. ഓരോ പഞ്ചായത്തിലും നഗരസഭയിലും കോർപ്പറേഷനുകളിലും തുടങ്ങുന്ന കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ പാചകം ചെയ്ത ഭക്ഷണത്തിന്റെ ലഭ്യത ഉറപ്പാക്കി ഒരു കുടുംബത്തിലും പട്ടിണി ഉണ്ടാകില്ല എന്ന് ഉറപ്പാക്കുകയായിരുന്നു സർക്കാരിന്റെ ലക്ഷ്യം.

തീരുമാനമെടുത്ത് ഒരാഴ്ചക്കുള്ളിൽ തന്നെ കേരളത്തിൽ ആയിരത്തിലധികം കമ്മ്യൂണിറ്റി കിച്ചനുകൾ സ്ഥാപിക്കാനും ഇതുവഴി ദിവസേന ലക്ഷക്കണക്കിന് ആളുകൾക്ക് ഭക്ഷണം നൽകുന്നു എന്ന് ഉറപ്പാക്കാനും സാധിച്ചത് സർക്കാരിന്റെ ജനക്ഷേമ പ്രവർത്തനങ്ങളുടെ മികച്ച നേട്ടമായി കാണാൻ സാധിക്കും. സിവിൽ സപ്ലൈസ് വകുപ്പിന്റെ ശക്തമായ പിന്തുണയോടെ പ്രവർത്തിച്ച കമ്മ്യൂണിറ്റി കിച്ചനുകൾ ലോക്ഡൗൺ തുടർന്ന പശ്ചാത്തലത്തിൽ അനിവാര്യമായ സമയം വരെ പ്രവർത്തിക്കുകയും തുടർന്ന് ദീർഘകാല അടിസ്ഥാനത്തിൽ ജനകീയ ഹോട്ടലുകളായി മാറുകയും ചെയ്തു.

കമ്മ്യൂണിറ്റി കിച്ചനുകളിലൂടെ ആവശ്യമുള്ളവർക്ക് പാചകം ചെയ്ത ഭക്ഷണം ലഭ്യമാക്കിയതു കൂടാതെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനായി 17 ഇനം പലവ്യഞ്ജന സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നൽകാൻ തീരുമാനിച്ചതാണ് മറ്റൊരു സുപ്രധാനമായ പദ്ധതി. 2020 ഏപ്രിൽ മുതൽ നാല് മാസക്കാലത്തേക്ക് 17 സാധനങ്ങൾ അടങ്ങിയ ഭക്ഷ്യ കിറ്റ് സൗജന്യമായി നൽകാനാണ് സർക്കാർ ആദ്യം തീരുമാനിച്ചത്.

സിവിൽ സപ്ലൈസ് വകുപ്പിന്റെയും സപ്ലൈകോയുടെയും നേതൃത്വത്തിൽ ഭക്ഷ്യ കിറ്റുകൾക്ക് ആവശ്യമായ സാധനങ്ങൾ ലോക്ക് ഡൗൺ സമയത്ത് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ശേഖരിക്കാനും മികച്ച രീതിയിൽ കിറ്റുകൾ പായ്ക്ക് ചെയ്ത് 87 ലക്ഷം കുടുംബങ്ങളിലേക്ക് സമയബന്ധിതമായി എത്തിക്കാൻ സാധിച്ചു എന്നുള്ളതും ശ്രദ്ധേയമായ നേട്ടം തന്നെയാണ്.

ആദ്യ നാല് മാസത്തിന് ശേഷം കോവിഡുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ലെന്നും ദീർഘകാലത്തേക്ക് ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ടത് ആവശ്യമാണെന്നും കണ്ട് എട്ട് പലവ്യഞ്ജന സാധങ്ങൾ അടങ്ങിയ കിറ്റ് ഡിസംബർ വരെ കൊടുക്കാനും അതിനു ശേഷം ഏപ്രിൽ വരെ തുടരാനും സർക്കാർ തീരുമാനിക്കുകയായിരുന്നു.

ചുരുക്കത്തിൽ 2020 ഏപ്രിൽ മുതൽ 2021 ഏപ്രിൽ വരെ 87 ലക്ഷം കുടുംബങ്ങളിലേക്ക് ഭക്ഷ്യ സുരക്ഷയുടെ കിറ്റ് ലഭ്യമാക്കാനുള്ള തീരുമാനമാണ് സർക്കാർ കൈക്കോണ്ടിട്ടുള്ളത്. കോവിഡ് മഹാമാരിയുടെ കാലത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനായി സർക്കാർ സ്വീകരിച്ച ഈ രണ്ട് നടപടികളും കരുതലിന്റെ മികച്ച മാതൃകകളായി ജനങ്ങളുടെ ഹൃദയത്തിൽ അടയാളപ്പെടുത്തുന്നവയാണ്.

#keralas_top50_projectsandpolicies

#KeralaLeads