സാമൂഹ്യവിരുദ്ധരും കളളൻമാരും നിയമലംഘകരും ജാഗ്രതൈ..

കട്ടപ്പനയിലെത്തി കൂറ്റകൃത്യങ്ങളിലേർപ്പെട്ടാൽ തത്സമയം വിലങ്ങുവീഴുമെന്നതു തീർച്ച. കട്ടപ്പന നഗരവും പരിസര പ്രദേശവും ഇനിമുതൽ സദാസമയവും പോലീസിന്റെ നിരീക്ഷണ വലയത്തിലാണ്. ഇതിനായി കട്ടപ്പന നഗരസഭ 32 സിസിടിവി ക്യാമറകളാണ് നഗരത്തിന്റെ വിവിധഭാഗങ്ങളിലായി സ്ഥാപിച്ചത്. ഇവയിൽ നിന്നുളള തത്സമയദൃശ്യമെത്തുന്നത് കട്ടപ്പന പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ കൺട്രോൾ യൂണിറ്റിലെ എൽസിഡിയിലാണ്. അവ നിരീക്ഷിക്കാൻ അവിടെ സദാപോലീസ് ഉദ്യോഗസ്ഥരുമുണ്ട്. കൺട്രോൾ റൂമിൽ ക്യാമറാദൃശ്യങ്ങൾ റെക്കോർഡ് ചെയ്തു സൂക്ഷിക്കും. രാപകൽ വ്യത്യാസമില്ലാതെ വിവിധാവശ്യങ്ങൾക്കായി കട്ടപ്പനയിലെത്തുന്നവർക്കും ഇതുവഴി കടന്നുപോകുന്നവർക്കും സുരക്ഷ ഉറപ്പാക്കുകയാണ് നഗരസഭയുടെ ലക്ഷ്യം.
സിസിടിവി ക്യാമറകളുടെ പ്രവർത്തനോദ്ഘാടനം കട്ടപ്പന സി.ഐ ഓഫീസിൽ റോഷി അഗസ്റ്റിൻ എം.എൽ.എ നിർവ്വഹിച്ചു. നഗരസഭാ ചെയർമാൻ മനോജ്.എം.തോമസ് അധ്യക്ഷത വഹിച്ചു. ഡിവൈഎസ്പി രാജ്‌മോഹൻ, സിഐ വി.എസ് അനിൽകുമാർ, എസ്.ഐ സന്തോഷ് സജീവ്, നഗരസഭാ കൗൺസിലർമാരായ ബെന്നി കല്ലൂപ്പുരയിടം, ജോണി കുളംപളളി, സി.കെ മോഹനൻ എന്നിവർ സംസാരിച്ചു. സണ്ണി കോലോത്ത്, ലൗലി ഷാജി, തങ്കമണി രവി തുടങ്ങിയവർ പങ്കെടുത്തു.
പുതിയ ബസ്സ്റ്റാന്റ്, പഴയ സ്റ്റാന്റ്, സെൻട്രൽജംഗ്ഷൻ, ഗാന്ധി സ്‌ക്വയർ, പളളിക്കവല, ഇടുക്കിക്കവല, ഐടിഐ ജംഗ്ഷൻ, ചേന്നാട്ടുമറ്റം ജംഗ്ഷൻ, ഇടശ്ശേരി ജംഗ്ഷൻ തുടങ്ങി 16 കേന്ദ്രങ്ങളിലാണ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. തിരക്കുകൂടുതലുളള സ്ഥലങ്ങളിൽ ഒന്നിലധികം ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. 11 ലക്ഷം രൂപ ചെലവഴിച്ചാണ് നഗരസഭ പദ്ധതി നടപ്പാക്കിയത്. കുറ്റകൃത്യങ്ങൾ കുറയ്ക്കാനും വിവിധസ്ഥലങ്ങളിൽ നിന്നുളള മാലിന്യമെത്തിച്ച് നഗരസഭാ പരിധിയിൽ നിക്ഷേപിക്കുന്നവരെയും സാമൂഹ്യവിരുദ്ധരെയും കണ്ടെത്താൻ ഇതിലൂടെ സാധിക്കും.