സിഡിഎസിന്റെ ഒരുകോടി വായ്പാ ധനസഹായം

കുടുംബശ്രീ അംഗങ്ങൾക്ക് വരുമാനമാർഗമൊരുക്കുവാൻ കട്ടപ്പന നഗരസഭാ സിഡിഎസിന്റെ വായ്പാസഹായം. ഒരുകോടിരൂപയാണ് വിവിധ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുവാൻ അംഗങ്ങൾക്ക് കുറഞ്ഞ പലിശനിരക്കിൽ നല്കിയത്. നഗരസഭാ ഹാളിൽ നടന്ന വായ്പാവിതരണോദ്ഘാടനം നഗരസഭാ ചെയർമാൻ മനോജ്.എം.തോമസ് നിർവ്വഹിച്ചു. സിഡിഎസ് ചെയർപേഴ്‌സൺ ഗ്രേസ്‌മേരി ടോമിച്ചൻ അധ്യക്ഷത വഹിച്ചു. 41 യൂണിറ്റുകൾക്കായി രണ്ട് മുതൽ നാലു ലക്ഷം രൂപവരെയാണ് വായ്പ നല്കുന്നത്. ഇതിൽ 29 എണ്ണം കൂടുംബശ്രീ സംഘങ്ങളും 12 എണ്ണം ജെഎൽജി യൂണിറ്റുകളുമാണ്. കൂൺകൃഷി, മത്സ്യകൃഷി, ആട്, കന്നുകാലി വളർത്തൽ, തയ്യൽ യൂണിറ്റ്, ബ്യൂട്ടിപാർലർ, ജൈവപച്ചക്കറി നഴ്‌സറി, വാഴ, കപ്പ കൃഷി, പലഹാര നിർമ്മാണ യൂണിറ്റ് തുടങ്ങിയ മേഖലകളാണ് സ്വയംതൊഴിൽ സംരംഭത്തിനായി അംഗങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനിൽ നിന്നാണ് സിഡിഎസ് വായ്പയെടുത്ത് കുടുംബശ്രീ അംഗങ്ങൾക്ക് നല്കിയത്. നഗരസഭയിലെ അഞ്ഞൂറോളം വനിതകൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദ്ഘാടനയോഗത്തിൽ കെഎസ്ബിസിഡിസി ജില്ലാ മാനേജർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. നഗരസഭാ കൗൺസിലർമാരായ സി.കെ. മോഹനൻ, ബിന്ദുലതാ രാജു, ലീലാമ്മ ഗോപിനാഥ്, ബെന്നി കല്ലൂപ്പുരയിടം, മനോജ് മുരളി, ബീനാ വിനോദ്, മജ്ഞു സതീഷ്, ജലജ ജയസൂര്യ, തങ്കമണി രവി, മിനി സാബു, ലൂസി ജോയി എന്നിവർ പങ്കെടുത്തു. സിഡിഎസ് ഉപസമിതി അംഗം ലിസി ജെയിംസ് സ്വാഗതവും സിഡിഎസ് അംഗം സുനിലാ വിജയൻ നന്ദിയും പറഞ്ഞു.